ഫിർമിനോ ലിവർപൂൾ വിടാനുള്ള സാധ്യത കുറവ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബ്രസീലിയൻ സ്ട്രൈക്കറായ റോബർട്ടോ ഫിർമിനോ ലിവർപൂൾ വിടാനുള്ള സാധ്യത കുറവ്. പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ പറയുന്നതു പ്രകാരം ടീമിൽ നിന്നും ഇനിയും ആക്രമണനിര താരങ്ങളെ വിൽക്കാൻ ലിവർപൂൾ താൽപര്യപ്പെടുന്നില്ല.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ നിന്നും ഒരു പ്രധാന താരത്തെ ലിവർപൂളിന് നഷ്ടമായിരുന്നു. ടീമിനൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ സാഡിയോ മാനെയാണ് ലിവർപൂൾ വിട്ട് ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്.
മാനെ ക്ലബ് വിടാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലൂയിസ് ഡയസിനെ ടീമിലെത്തിച്ച ലിവർപൂൾ സമ്മറിൽ സ്ട്രൈക്കറായ ഡാർവിൻ നുനസിനെയും സ്വന്തമാക്കിയിരുന്നു. നുനസ് എത്തിയതോടെ ഫിർമിനോക്ക് അവസരങ്ങൾ കുറയുമെന്നുറപ്പാണ്.
ലിവർപൂളിൽ അവസരങ്ങൾ കുറയും എന്നതിനാൽ ഖത്തർ ലോകകപ്പിലെ ബ്രസീലിയൻ ടീമിൽ ഇടം നേടുകയെന്നതു ലക്ഷ്യമിട്ട് ഫിർമിനോ ലിവർപൂൾ വിടാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ മുന്നേറ്റനിരയിൽ നിന്നും ഒരു താരത്തെയും വിൽക്കാൻ ലിവർപൂൾ താല്പര്യപ്പെടുന്നില്ലെന്ന് ഫാബ്രിസിയോ റൊമാനൊ വ്യക്തമാക്കുന്നു.
അതേസമയം ഫിർമിനോക്ക് വേണ്ടി ഇറ്റാലിയൻ ക്ലബായ യുവന്റസ് ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ പ്രീ സീസൺ മത്സരത്തിൽ നാല് ഗോളുകൾ നേടി നുനസ് വരവറിയിച്ചതിനാൽ തന്നെ ഫിർമിനോ ലിവർപൂൾ വിടാനുള്ള ശ്രമങ്ങൾ ശക്തമാക്കും എന്നുറപ്പാണ്.