ലിവർപൂളിൽ തുടരാൻ പ്രതിഫലം ഇരട്ടിയിലധികം വർധിപ്പിക്കണമെന്ന ആവശ്യവുമായി മൊഹമ്മദ് സലാ


നിലവിലുള്ള കരാർ പുതുക്കി ലിവർപൂളിൽ തന്നെ തുടരുന്നതിനു പ്രതിഫലം കുത്തനെ വർധിപ്പിക്കണമെന്ന ആവശ്യവുമായി മൊഹമ്മദ് സലാ. ഇംഗ്ലീഷ് മാധ്യമമായ ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം ആഴ്ചയിൽ അഞ്ചു ലക്ഷം പൗണ്ടാണ് ലിവർപൂളിൽ തുടരുന്നതിനായി ഈജിപ്ഷ്യൻ താരം ആവശ്യപ്പെടുന്നത്. നിലവിൽ സലാക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിൽ അധികമാണ് ഈ തുക.
റോമയിൽ നിന്നും ലിവർപൂളിൽ എത്തിയതിനു ശേഷം തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സലാ നിലവിൽ ക്ലബിൽ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ്. രണ്ടു ലക്ഷം പൗണ്ടിലധികം ആഴ്ചയിൽ കൈപ്പറ്റുന്ന താരത്തിനു മുന്നിൽ നെതർലൻഡ്സ് താരം വാൻ ഡൈക്ക് മാത്രമേയുള്ളൂ എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പുതിയ കരാറിൽ പ്രീമിയർ ലീഗിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി മാറാനാണ് സലാ ഒരുങ്ങുന്നത്.
Mo Salah demands half a million pounds a week to stay at Liverpool amid transfer interest https://t.co/XrUzn3a3xq pic.twitter.com/FSLnEvQwFS
— Mirror Football (@MirrorFootball) September 4, 2021
കഴിഞ്ഞ കുറച്ചു സീസണുകളായി ടീമിന്റെ പ്രധാന താരമായ മൊഹമ്മദ് സലായുടെ കരാർ അവസാനിക്കാൻ രണ്ടു വർഷം മാത്രം ബാക്കി നിൽക്കെയാണ് അതു പുതുക്കാൻ ലിവർപൂൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെങ്കിലും താരം ആവശ്യപ്പെടുന്ന പ്രതിഫലം ചർച്ചകൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. വാൻ ഡൈക്ക്, അലിസൺ, ഹെൻഡേഴ്സൺ, ഫാബിന്യോ എന്നിവർക്കു ദീർഘകാല കരാർ നൽകിയതു പോലെ എളുപ്പമായിരിക്കില്ല സലായുടേതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
സലാക്ക് ദീർഘകാല കരാർ നൽകാൻ ലിവർപൂൾ തയ്യാറാണ് എങ്കിലും ഇത്രയും വലിയൊരു തുക പ്രതിഫലം നൽകാൻ അവർ ഒരുക്കമല്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ കരാർ പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സീസണിൽ താരം ക്ലബ് വിടാനുള്ള സാധ്യതകളും കൂടുതലാണ്. റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബുകളിൽ കളിക്കാനുള്ള താൽപര്യം സലാ മുൻപ് വ്യക്തമാക്കിയിട്ടുള്ളതും ഇതിനൊപ്പം ചേർത്തു വായിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.