Football in Malayalam

അടുത്ത സീസണിന്റെ തുടക്കത്തിൽ സലാ ലിവർപൂൾ ടീമിലുണ്ടായേക്കില്ല

Sreejith N
FBL-EUR-C1-LEIPZIG-LIVERPOOL
FBL-EUR-C1-LEIPZIG-LIVERPOOL / ATTILA KISBENEDEK/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം അസാമാന്യ കുതിപ്പിലൂടെ സ്വന്തമാക്കിയ ലിവർപൂളിന് പക്ഷെ ഈ സീസണിൽ അതെ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പരിക്കുകളും മികച്ച താരങ്ങളുടെ അഭാവവും മൂലം പതറുന്ന ലിവർപൂൾ നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. ഈ സീസണിൽ നേരിട്ട തിരിച്ചടി അടുത്ത സീസണിന്റെ തുടക്കത്തിലും ലിവർപൂളിന് ഉണ്ടായേക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിർജിൽ വാൻ ഡൈക്ക്, ജോ ഗോമസ്, ജോയൽ മാറ്റിപ്പ് എന്നീ പ്രതിരോധ താരങ്ങളുടെ പരിക്ക് ഈ സീസണിൽ ലിവർപൂളിന്റെ ഫോമിനെ പുറകോട്ടടിച്ചെങ്കിൽ അടുത്ത സീസണിന്റെ തുടക്കത്തിൽ റെഡ്‌സ് നേരിടേണ്ടി വരിക സ്റ്റാർ സ്‌ട്രൈക്കറായ മുഹമ്മദ് സലായുടെ അഭാവമാണ്. ഒളിമ്പിക്‌സ് മത്സരങ്ങൾക്കുള്ള ഈജിപ്‌ത്‌ ദേശീയ ടീമിൽ ഉൾപ്പെട്ടാലാണ് സലാക്ക് ലിവർപൂളിനോപ്പം അടുത്ത സീസണിന്റെ തുടക്കം നഷ്ടമാകുക.

കോവിഡ് മഹാമാരി മൂലം മാറ്റിവെച്ച ഒളിമ്പിക്‌സ് ജൂലൈ ഇരുപത്തിമൂന്നു മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് നടക്കുന്നത്. സലാ ഒളിമ്പിക്‌സിനുള്ള ഈജിപ്‌ത്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ താരത്തിന് ലിവർപൂളിനൊപ്പമുള്ള പ്രീ സീസൺ മത്സരങ്ങളും സീസണിന്റെ തുടക്കത്തിലെ ചില മത്സരങ്ങളും നഷ്ടമാകും എന്നുറപ്പാണ്. സലായെ ടീമിലുൾപ്പെടുത്താൻ താത്പര്യമുണ്ടെന്ന് ഈജിപ്‌ത്‌ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഒളിമ്പിക്‌സിന് U23 ടീമിനെയാണ് പങ്കെടുപ്പിക്കേണ്ടതെങ്കിലും അതിൽ കൂടുതൽ പ്രായമുള്ള മൂന്നു താരങ്ങളെ കൂടി ഉൾപ്പെടുത്താൻ കഴിയുമെന്നതു കൊണ്ട് സലാക്ക് ടീമിലിടം നേടാൻ കഴിയും. ഈജിപ്ത്യൻ മാധ്യമമായ അഹ്‌റം ഓൺലൈനിന്റെ റിപ്പോർട്ടുകൾ പ്രകാരം ദേശീയ U23 ടീമിന്റെ പരിശീലകനായ ഷാക്കി ഖാരിബ്, മുഹമ്മദ് സലായും മുഹമ്മദ് അൽ ഷെന്നാവിയുമാണ് ടീമിനെ നയിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സീസണിൽ പതിനേഴു ഗോളുകളോടെ പ്രീമിയർ ലീഗ് ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സലാ ടീമിന് ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. സലായുടെ അഭാവം ലിവർപൂളിന് നികത്താൻ കഴിയാത്ത വിടവാണ് സമ്മാനിക്കുകയെങ്കിലും ഈ സീസണിൽ ടീമിലെത്തിയ ഡീഗോ ജോട്ട അതിനെ മറികടക്കാൻ സഹായിക്കുമെന്നാണ് ആരാധകർ കരുതുന്നത്.

facebooktwitterreddit