Football in Malayalam

ടീമിനെ ശക്തിപ്പെടുത്തണമെന്ന് സലാ, എർലിങ് ഹാലൻഡിനായി ലിവർപൂളും രംഗത്ത്

Sreejith N
VfL Wolfsburg v Borussia Dortmund - Bundesliga
VfL Wolfsburg v Borussia Dortmund - Bundesliga / Martin Rose/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ എർലിങ് ബ്രൂട് ഹാലൻഡിനെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും രംഗത്ത്. സ്കൈ ജർമനിയുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി മാർക്ക വെളിപ്പെടുത്തുന്നതു പ്രകാരം അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്തണമെന്ന സലായുടെ നിർദ്ദേശമാണ് ഹാലൻഡിനെ സ്വന്തമാക്കാൻ ലിവർപൂൾ രംഗത്തു വരാനുള്ള പ്രധാന കാരണം.

സലായുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ കുറച്ചു നാളുകളായി ലിവർപൂൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് അടുത്ത സീസണിൽ കിരീടങ്ങൾ നേടാനായി ടീമിനെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശം താരം മുന്നോട്ടു വെച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഹാലൻഡിനെ സ്വന്തമാക്കാൻ പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിങ്ങനെ നിരവധി ക്ലബുകളെ ലിവർപൂൾ മറികടക്കേണ്ടി വരും.

ബൊറൂസിയ ഡോർട്മുണ്ടുമായി നിരവധി വർഷങ്ങളുടെ കരാർ ബാക്കി നിൽക്കുന്നുണ്ടെങ്കിലും ഈ സീസൺ അവസാനിച്ചാൽ ഹാലാൻഡിന്റെ കരാറിലെ 75 മില്യൺ യൂറോയുടെ റിലീസിംഗ് ക്ളോസ് ആക്റ്റിവേറ്റ് ആകുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. അതാണ് താരത്തിനായി ക്ലബുകൾ ശക്തമായി രംഗത്തു വരാനുള്ള കാരണവും. എന്നാൽ ഹാലാൻഡിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഡോർട്മുണ്ടും നടത്തുന്നുണ്ട്.

അതേസമയം പരിശീലകൻ യർഗൻ ക്ളോപ്പും ജർമൻ ക്ലബും തമ്മിലുള്ള മികച്ച ബന്ധം ഹാലൻഡിനെ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുമെന്നാണ് ലിവർപൂൾ കരുതുന്നത്. ലിവർപൂളിൽ എത്തുന്നതിനു മുൻപ് ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലകനായിരുന്ന ക്ളോപ്പ് അവർക്കൊപ്പം രണ്ടു തവണ ജർമൻ ലീഗ് നേടുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit