Football in Malayalam

പെഡ്രിയെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗ് വമ്പന്മാർ, ആ മോഹം മുളയിലേ നുള്ളാനുള്ള പദ്ധതിയുമായി ബാഴ്‌സലോണ

Sreejith N
FC Barcelona v Real Valladolid CF - La Liga Santander
FC Barcelona v Real Valladolid CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറി ചുരുങ്ങിയ സമയം കൊണ്ടു തന്നെ ആരാധകരുടെയും ഫുട്ബോൾ പ്രേമികളുടെയും പ്രിയപ്പെട്ട താരമായി മാറിയ പെഡ്രിയെ സ്വന്തമാക്കാനുള്ള സാധ്യതകൾ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ അന്വേഷിച്ചു തുടങ്ങിയെന്നു റിപ്പോർട്ടുകൾ. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള താരം ഈ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി 43 മത്സരങ്ങൾ കളിച്ചിട്ടുള്ളതിനു പുറമെ സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും കളത്തിലിറങ്ങിയിരുന്നു.

ഇംഗ്ലീഷ് മാധ്യമമായ ദി മിററിന്റെ റിപ്പോർട്ടുകൾ പ്രകാരം പെഡ്രിയുടെ പ്രതിനിധികളുമായി ലിവർപൂൾ നേതൃത്വം ട്രാൻസ്‌ഫർ വിവരങ്ങൾ അറിയുന്നതിനായി ബന്ധപ്പെട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ അസാമാന്യമായ വിവേകം കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന താരത്തെ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാനുള്ള പദ്ധതികളുമായാണ് ലിവർപൂൾ മുന്നോട്ടു പോകുന്നത്.

എന്നാൽ ലിവർപൂളിന്റെ ആഗ്രഹം മുളയിലേ നുള്ളിക്കളയാനുള്ള നീക്കങ്ങൾ ബാഴ്‌സ ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ സ്‌പാനിഷ്‌ താരത്തിന്റെ റിലീസ് ക്ലോസായ 70 മില്യൺ യൂറോ ലിവർപൂളടക്കം ഏതു ക്ലബിനും അനായാസം നൽകാൻ കഴിയുമെന്നതു കൊണ്ട് താരത്തിന് പുതിയ കരാർ നൽകി ബാഴ്‌സലോണയിൽ തന്നെ നിലനിർത്താനാണ് ക്ലബ് നേതൃത്വം ശ്രമിക്കുന്നത്.

ബാഴ്‌സലോണയിൽ സംതൃപ്തനായി തുടരുന്ന പെഡ്രി പുതിയ കരാർ കൂടി ലഭിക്കുകയാണെങ്കിൽ വളരെക്കാലം ക്ലബിനൊപ്പം തുടരുമെന്നതിൽ സംശയമില്ല. പുതുക്കിയ കോൺട്രാക്‌ട് ലഭിക്കുകയാണെങ്കിൽ പെഡ്രിയുടെ റിലീസ് ക്ലോസ് 70 മില്യണിൽ നിന്നും അഞ്ചിരട്ടി വർധിച്ച് 350 മില്യൺ യൂറോയായി മാറുമെന്നാണ് സൂചന. ഇതോടെ ഒരു ക്ലബിനും ബാഴ്‌സയുടെ സമ്മതമില്ലാതെ താരത്തെ തൊടാൻ കഴിയില്ല.

ഒരൊറ്റ സീസൺ കൊണ്ട് ട്രാൻസ്‌ഫർ മൂല്യത്തിൽ വലിയ വർദ്ധനവുണ്ടാക്കിയ പെഡ്രി ഭാവിയിൽ ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും ഏറ്റവും പ്രധാന താരമായി മാറാനുള്ള പ്രതിഭയുണ്ടെന്ന് ഇപ്പോൾ തന്നെ തെളിയിക്കുന്നുണ്ട്. ബാഴ്‌സ പരിശീലകനായ കൂമാനും എന്ത് വിലകൊടുത്തും താരത്തെ നിലനിർത്താനാണ് ശ്രമിക്കുന്നത്.


facebooktwitterreddit