മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ; ചുവന്ന ചെകുത്താന്മാരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ചെമ്പട

ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് ലിവർപൂൾ. ആദ്യ പകുതിയിൽ നാല് ഗോളുകളും, രണ്ടാം പകുതിയിൽ ഒരു ഗോളും നേടിയ ചെമ്പട, ഒലെ ഗുണ്ണാർ സോൾഷെയറുടെ ചുവന്ന ചെകുത്താന്മാർക്ക് സമ്മാനിച്ചത് നാണം കെടുത്തുന്ന പരാജയം.
മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ നാബി കെയ്റ്റയിലൂടെ മുന്നിലെത്തിയ ലിവർപൂൾ, 13ആം മിനുറ്റിൽ ഡിയാഗോ ജോട്ടയിലൂടെ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി.
മത്സരത്തിലേക്ക് തിരിച്ചുവരാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് 38ആം മിനിറ്റിലും, ആദ്യ പകുതിയുടെ പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റിലും മോ സലാ ഗോൾ നേടിയതോടെ ഇടവേളക്ക് പിരിയുമ്പോൾ സ്കോർലൈൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് 0 - 4 ലിവർപൂൾ.
50ആം മിനുറ്റിൽ സലാ തന്റെ മൂന്നാമത്തെയും, ലിവർപൂളിന്റെ അഞ്ചാമത്തെയും ഗോൾ നേടിയതോടെ തിരിച്ചുവരാമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നേരിയ പ്രതീക്ഷകളും അസ്തമിച്ചു. 52ആം മിനുറ്റിൽ ലിവർപൂൾ വലയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്തെത്തിച്ചെങ്കിലും, വിഎആർ അത് ഓഫ്സൈഡ് മൂലം നിഷേധിച്ചതും യുണൈറ്റഡിന് തിരിച്ചടിയായി.
കളി മാറ്റാൻ രണ്ടാം പകുതിയയുടെ തുടക്കത്തിൽ കളത്തിലിറക്കിയ പോൾ പോഗ്ബക്ക് 60ആം മിനുറ്റിൽ ഡയറക്ട് റെഡ് കാർഡ് കിട്ടി പുറത്തു പോവേണ്ടി വന്നതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി ചുവന്ന ചെകുത്താന്മാരുടേത്.
പത്ത് പേരായി ചുരുങ്ങിയ തങ്ങൾക്ക് എതിരെ ലിവർപൂൾ പന്തിന് മേൽ ആധിപത്യം പുലർത്തിയില്ലെങ്കിലും, കൂടുതൽ ഗോളുകൾ നേടിയില്ല എന്ന് മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാം. വിജയത്തോടെ പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പ് തുടർന്ന ലിവർപൂൾ, ഒൻപത് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.