Football in Malayalam

ന്യൂകാസിൽ യുണൈറ്റഡിനെതിരായ വിജയത്തിൽ ഇംഗ്ലീഷ് ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് ലിവർപൂൾ

Sreejith N
Liverpool v Newcastle United - Premier League
Liverpool v Newcastle United - Premier League / Clive Brunskill/GettyImages
facebooktwitterreddit

ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നേടിയ വിജയത്തോടെ ഇംഗ്ലീഷ് ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് ലിവർപൂൾ. ഈ സീസണിൽ തകർപ്പൻ ഫോമിൽ കുതിച്ചു കൊണ്ടിരിക്കുന്ന ലിവർപൂൾ നേടിയ വിജയം ഇംഗ്ലീഷ് ടോപ് ഫ്‌ളൈറ്റ് ഫുട്ബോളിൽ 2000 വിജയങ്ങളെന്ന റെക്കോർഡാണ് അവർക്കു നേടിക്കൊടുത്തത്. മറ്റൊരു ടീമിനും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

ഏഴാം മിനുട്ടിൽ ജോഞ്ചോ ഷെൽവി ലിവർപൂളിലെ ഞെട്ടിച്ച് വല കുലുക്കിയെങ്കിലും ഇരുപത്തിയഞ്ചു മിനിറ്റിനകം തന്നെ ഡിയാഗോ ജോട്ട, മൊഹമ്മദ് സലാ എന്നിവരിലൂടെ ലിവർപൂൾ മുന്നിലെത്തി. പിന്നീട് കളിയവസാനിക്കുന്നതിന്റെ ഏതാനും മിനുട്ടുകൾക്കു മുൻപേ ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ് മറ്റൊരു ഗോൾ കൂടി കണ്ടെത്തി വിജയം ഉറപ്പിക്കുകയായിരുന്നു.

4227 മത്സരങ്ങൾ ഇംഗ്ലീഷ് ടോപ് ഫ്ലൈറ്റ് ഫുട്ബോളിൽ കളിച്ചാണ് 2000 വിജയങ്ങൾ ലിവർപൂൾ സ്വന്തമാക്കിയത്. 1047 മത്സരങ്ങൾ സമനിലയിൽ പിരിയുകയും 1180 മത്സരങ്ങളിൽ റെഡ്‌സ് തോൽവി വഴങ്ങുകയും ചെയ്‌തിട്ടുണ്ട്‌. 1927 മത്സരങ്ങൾ ഇംഗ്ലീഷ് ടോപ് ഫ്‌ളൈറ്റ് ഫുട്ബോളിൽ വിജയിച്ച ആഴ്‌സണലാണ് ലിവർപൂളിനു പിന്നിലുള്ളത്.

മത്സരത്തിലെ ഗോളോടെ ലിവർപൂൾ താരം സലാക്ക് തുടർച്ചയായ പതിനഞ്ചാം പ്രീമിയർ ലീഗ് മത്സരത്തിലും നേരിട്ട് ഗോളിനു സംഭാവന ചെയ്‌തുവെന്ന, ജെമീ വാർഡിക്ക് മാത്രം സ്വന്തമായിരുന്ന റെക്കോർഡും നേടാനായി. ഇതിനു പുറമെ ലിവർപൂളിനൊപ്പം ഏറ്റവും വേഗത്തിൽ 150 പ്രീമിയർ ലീഗ് മത്സരങ്ങൾ വിജയിക്കുന്ന പരിശീലകനെന്ന റെക്കോർഡ് ക്ളോപ്പും സ്വന്തമാക്കി.

മത്സരത്തിൽ വിജയിച്ചെങ്കിലും ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ലീഡ്‌സിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തകർത്ത മാഞ്ചസ്റ്റർ സിറ്റിയാണ് 41 പോയിന്റുകളോടെ മുന്നിൽ നിൽക്കുന്നത്. ലിവർപൂളിന് 40 പോയിന്റാണുള്ളത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit