Football in Malayalam

ഗോളടിക്കാൻ പതറുന്ന മുന്നേറ്റനിരക്ക് പകരക്കാരായി ലിവർപൂൾ നാലു കളിക്കാരെ പരിഗണിക്കുന്നുണ്ടെന്ന് മുൻതാരം

Sreejith N
FBL-ENG-PR-LIVERPOOL-CRYSTAL PALACE
FBL-ENG-PR-LIVERPOOL-CRYSTAL PALACE / PHIL NOBLE/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം എതിരാളികളെ ബഹുദൂരം പിന്നിലാക്കി സ്വന്തമാക്കിയ ലിവർപൂളിന്റെ ഈ സീസണിലെ ഫോം ക്ലോപ്പിന്റെ മാനേജർ സ്ഥാനം വരെ നഷ്ടപ്പെടുത്തുമെന്ന അവസ്ഥയിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമുമായി എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്കു വീണ ലിവർപൂളിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ തന്നെ വിയർക്കേണ്ടി വരും.

നിരവധി പ്രധാന താരങ്ങൾക്ക് പരിക്കു പറ്റിയതിനു പുറമെ മുന്നേറ്റനിര താരങ്ങളുടെ മോശം ഫോമും ഒത്തിണക്കമില്ലായ്‌മയുമാണ് ലിവർപൂളിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണമെന്നത് വ്യക്തമാണ്. മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളായ സലാ, മാനെ എന്നിവർ കളിക്കളത്തിൽ പരസ്‌പരം ഒത്തിണക്കം കാണിക്കുന്നില്ലെന്ന് ക്ലബിന്റെ മുൻ താരങ്ങളിൽ പലരും പലപ്പോഴായി അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ സീസണുകളിൽ ലിവർപൂൾ കാണിച്ച കുതിപ്പിന് പിന്നിൽ നിർണായക സാന്നിധ്യമാവുകയും ഈ സീസണിൽ മോശം ഫോമിലേക്ക് വീഴുകയും ചെയ്‌ത മുന്നേറ്റനിരയിലെ ത്രയങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് ആരംഭിച്ചുവെന്നാണ് മുൻ ലിവർപൂൾ താരമായ സ്റ്റാൻ കോളിമോർ പറയുന്നത്. സലാ, മാനെ, ഫിർമിനോ എന്നിവർക്ക് പകരക്കാരായി ലിവർപൂൾ ടീമിലെത്തിക്കാൻ സാധ്യതയുള്ള നാല് കളിക്കാരെ അദ്ദേഹം ട്വിറ്ററിൽ വെളിപ്പെടുത്തുകയും ചെയ്‌തു.

"ലിവർപൂളിന്റെ മുന്നേറ്റനിരയിലെ മൂന്നു താരങ്ങൾ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയത് കൊണ്ട് അവർ പുതിയ വെല്ലുവിളികൾക്കായി റയൽ, ബയേൺ, യുവന്റസ് എന്നീ ടീമുകളാൽ ആകർഷിക്കപ്പെടുന്നുണ്ടാകാം.അതുകൊണ്ടു തന്നെ ഒരഴിച്ചു പണിക്കുള്ള സാധ്യതകൾ ലിവർപൂളിലുണ്ടെന്നു തള്ളിക്കളയാൻ കഴിയില്ല," കോളിമോർ ട്വിറ്ററിൽ കുറിച്ചു.

ഹാലൻഡ്, ഗ്രീലിഷ് എന്നിവർക്കു പുറമെ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അൻസു ഫാറ്റിയെയും നിരവധി ഡച്ച് പരിശീലകർക്ക് വളരെ താൽപര്യമുള്ള ബോഡുവിനെയും ലിവർപൂൾ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് കോളിമോർ പറയുന്നത്. എന്നാൽ എല്ലാ താരങ്ങളും ടീമിനോട് ആത്മാർത്ഥതയുള്ളവരാണെന്നും അവർ തുടരുമെന്നുമാണ് ക്ളോപ്പ് ഇതേക്കുറിച്ചു മുൻപു തന്നെ അഭിപ്രായപ്പെട്ടത്.

facebooktwitterreddit