മകന്റെ മരണത്തിൽ ദുഖിതനായ റൊണാൾഡോക്ക് മത്സരത്തിന്റെ ഏഴാം മിനുട്ടിൽ പിന്തുണയറിക്കാനൊരുങ്ങി ലിവർപൂൾ ആരാധകർ


കഴിഞ്ഞ ദിവസം ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരണപ്പെട്ടുവെന്ന വാർത്ത വന്നത്. താരവും പങ്കാളിയായ ജോർജിനോയും ഇരട്ടകുട്ടികളെയാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിലെ ആൺകുട്ടി മരിച്ചു പോയെന്ന് താരം തന്നെയാണ് അറിയിച്ചത്. ഇരട്ടകുട്ടികളിലെ പെൺകുട്ടി സുഖമായിരിക്കുന്നുവെന്നും റൊണാൾഡോ അറിയിച്ചിരുന്നു.
അത്യന്തം ദുഖകരമായ ഒരു സമയത്തിലൂടെ കടന്നു പോകുന്ന റൊണാൾഡോ ഇന്ന് ലിവർപൂളുമായി നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പങ്കെടുക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അൽപ്പം മുൻപാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്റെ പ്രിയപ്പെട്ടവർക്ക് താരം പിന്തുണ നൽകേണ്ട സമയമാണിതെന്നതു കൊണ്ട് മത്സരത്തിൽ റൊണാൾഡോ കളിക്കില്ലെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിരുന്നു.
Liverpool fans are planning to hold an applause during the 7th minute of this evening's fixture, in honour of Cristiano Ronaldo's late son.
— UtdDistrict ?? (@UtdDistrict) April 19, 2022
We kindly ask that if you know anyone attending tonight's match, to spread the word of this wonderful gesture.
❤️ pic.twitter.com/HqPlZwpgWB
അതേസമയം ഇന്നത്തെ മത്സരത്തിനിടയിൽ റൊണാൾഡോക്ക് തങ്ങളുടെ പിന്തുണ അറിയിക്കാൻ ഒരുങ്ങുകയാണ് ലിവർപൂൾ ആരാധകർ. റൊണാൾഡോ ഏഴാം നമ്പർ ജേഴ്സി അണിയുന്നതു കണക്കിലെടുത്ത് മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തങ്ങളുടെ പിന്തുണ അറിയിക്കാനും താരത്തിന്റെ ദുഃഖത്തിൽ പങ്കു ചേരാനാണ് ലിവർപൂൾ ആരാധകർ ഒരുങ്ങുന്നതെന്ന് സോഷ്യൽ മീഡിയയിലെ വിവിധ ട്വീറ്റുകൾ വ്യക്തമാക്കുന്നു.
ആറോളം വർഷങ്ങളായി റൊണാൾഡോയുടെ പങ്കാളിയായ ജോർജിനോയും താരവും കഴിഞ്ഞ ഒക്ടോബറിൽ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്ന വിവരം പങ്കു വെച്ചിരുന്നു. നേരത്തെ നാല് മക്കളുണ്ടായിരുന്ന റൊണാൾഡോ രണ്ടു മക്കളെക്കൂടി വരവേൽക്കാൻ ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം സംഭവിക്കുന്നത്. മകന്റെ വിയോഗത്തിൽ ദുഃഖമറിയിച്ച താരത്തിന് ഫുട്ബോൾ ലോകത്തു നിന്നും പുറത്തു നിന്നുമെല്ലാം അനുശോചനവും പിന്തുണയും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.