ബെൽജിയൻ മധ്യനിരതാരത്തിനായി ശ്രമമാരംഭിച്ച് ലിവർപൂൾ


കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജോർജിനോ വൈനാൽഡം പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷം യർഗൻ ക്ലോപ്പ് മധ്യനിരയിൽ ഒരു പകരക്കാരന് വേണ്ടി കാര്യമായി ശ്രമിച്ചിരുന്നില്ല. എന്നാൽ ഈ ട്രാൻസ്ഫറിൽ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങൾ ലിവർപൂൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫ്രഞ്ച് ക്ലബ്ബായ ലില്ലേയുടെ മധ്യനിരതാരം അമാഡൂ ഒനാനക്കായി ലിവർപൂൾ ശ്രമമരംഭിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂളിനൊപ്പം ന്യൂകാസിൽ യുണൈറ്റഡ്, വെസ്റ്റ് ഹാം യുണൈറ്റഡ്, ആഴ്സണൽ, നോട്ടിങ്ഹാം ഫോറസ്റ്റ് എന്നിവരും ഈ 20കാരൻ ബെൽജിയൻ താരത്തിനായി രംഗത്തുണ്ട്.
സെനഗലിലെ ദകാറിൽ ജനിച്ച താരം ഇതിനോടകം തന്നെ ബെൽജിയത്തിന് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. ആറാം നമ്പർ പൊസിഷനിലും പ്രതിരോധനിരയിലും ഒരുപോലെ തിളങ്ങാനാകുമെന്നതാണ് ഒനാനയുടെ പ്രധാന സവിശേഷത.
നിലവിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി ഫാബിഞ്ഞോ മാത്രമേയുള്ളൂവെന്നത് കണക്കിലെടുത്താണ് ലില്ലേ താരത്തിനായി ലിവർപൂൾ ശ്രമമാരംഭിച്ചിരിക്കുന്നത്.
താരത്തിനായി വെസ്റ്റ് ഹാമിന്റെ ഏറ്റവും പുതിയ 25 മില്യൺ യൂറോയുടെ ഓഫർ ലില്ലേ തള്ളിക്കളഞ്ഞതോടെ അതിലും മികച്ച ഓഫർ ലിവർപൂളിന് താരത്തിനായി നൽകേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.