സഡൻ ഡെത്തിൽ ചെൽസിയെ വീഴ്ത്തി എഫ്എ കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ

ചെൽസിയെ പരാജയപ്പെടുത്തി എഫ്എ കപ്പ് കിരീടം സ്വന്തമാക്കി ലിവർപൂൾ. നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ലിവർപൂൾ വിജയികളായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി അഞ്ചെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും രണ്ടെണ്ണം നഷ്ടമാകുകയും ചെയ്തപ്പോൾ, ആറെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ഒരെണ്ണം മാത്രം നഷ്ടമാക്കുകയും ചെയ്താണ് ലിവർപൂൾ കിരീടം ഉയർത്തിയത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്ത മാർക്കോസ് അലോൺസോ ചെൽസിക്ക് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ, ലിവർപൂളിന് വേണ്ടി കിക്കെടുത്ത ജെയിംസ് മിൽനറും പന്ത് വലയിലെത്തിച്ചു. എന്നാൽ, ചെൽസിയുടെ രണ്ടാം കിക്കെടുത്ത സെസാർ അസ്പിലിക്യൂട്ടക്ക് പിഴച്ചു. അദ്ദേഹത്തിന്റെ കിക്ക് ബാറിൽ തെട്ടി തെറിക്കുകയായിരുന്നു. ലിവർപൂളിന്റെ രണ്ടാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് തിയാഗോ അൽകാൻട്ര ചെമ്പടക്ക് ലീഡ് സമ്മാനിച്ചു. ചെൽസിയുടെയും ലിവർപൂളിന്റെയും മൂന്നും നാലും കിക്കുകൾ റീസ് ജെയിംസ്, റോസ് ബാർക്ക്ലി, റോബർട്ടോ ഫിർമിനോ, ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് എന്നിവർ ലക്ഷ്യത്തിലെത്തിച്ചു.
ചെൽസിയുടെ അഞ്ചാം കിക്ക് മധ്യനിര താരം ജോർജീനോ വലയിലെത്തിച്ചു. എന്നാൽ ലിവർപൂളിന്റെ അഞ്ചാം കിക്ക് എടുത്ത സാഡിയോ മാനെയുടെ ശ്രമം എഡ്വാർഡ് മെൻഡി സേവ് ചെയ്തതോടെ ഷൂട്ടൗട്ട് സഡൻ ഡെത്തിലേക്ക് നീണ്ടു.
ഇരു ടീമുകളുടെയും ആറാം കിക്ക് ഹക്കിം സിയെച്ച്, ഡിയഗോ ജോട്ട എന്നിവർ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, ചെൽസിയുടെ ആറാം കിക്കെടുത്ത മേസൺ മൗണ്ടിന് പിഴച്ചു. താരത്തിന്റെ കിക്ക് ലിവർപൂൾ ഗോൾകീപ്പർ അലിസൺ തടയുകയായിരുന്നു. ഇതോടെ അടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ചാൽ ലിവർപൂൾ കിരീടം നേടാമെന്ന സ്ഥിതിയായി. യർഗൻ ക്ലോപ്പിന്റെ ടീമിന് വേണ്ടി നിർണായക കിക്കെടുത്ത കോൺസ്റ്റന്റിനോസ് ട്സിമികസ് പിഴവകളൊന്നും കൂടാതെ, മെൻഡിയെ മറികടന്ന് പന്ത് വലയിലെത്തിച്ചതോടെ എഫ്എ കപ്പ് കിരീടം ലിവർപൂളിന് സ്വന്തം.
ലിവർപൂളിന്റെ എട്ടാം എഫ്എ കപ്പ് കിരീടമാണിത്. വിജയത്തോടെ ക്വാഡ്റപ്പിൾ പ്രതീക്ഷകൾ നിലനിറുത്താനും ലിവർപൂളിനായി. നേരത്തെ കറബാവോ കപ്പ് കിരീടം സ്വന്തമാക്കിയ ലിവർപൂളിന്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടസാധ്യതകളുമുണ്ട്.