Football in Malayalam

ബാഴ്‌സലോണ യുവതാരത്തെ റിലീസിംഗ് ക്ലോസ് നൽകി സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുന്നു

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Alex Caparros/GettyImages
facebooktwitterreddit

ബാഴ്‌സലോണ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സീസണിൽ ടീമിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് ഗാവി. കാറ്റലൻ ക്ലബിനു വേണ്ടി ഏതാനും മത്സരങ്ങൾ കളിച്ചപ്പോൾ തന്നെ സ്പെയിൻ ദേശീയ ടീമിൽ ലൂയിസ് എൻറിക്വ ഇടം നൽകിയ മധ്യനിര താരം ദേശീയ ടീമിനായി ഏതാനും മത്സരങ്ങൾ കളിക്കുകയും ചെയ്‌തിരുന്നു

അതേസമയം ബാഴ്‌സലോണയുടെ ഭാവി വാഗ്‌ദാനമായി ഏവരും വിലയിരുത്തുന്ന ഗാവിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ആരംഭിച്ചിട്ടുണ്ടെന്നാണ് എൽ നാഷണലിനെ അടിസ്ഥാനമാക്കി മാർക്ക പുറത്തു വിടുന്നത്. ഗാവിയുടെ റിലീസിംഗ് ക്ളോസായ അമ്പതു മില്യൺ യൂറോ നൽകി താരത്തെ അടുത്ത സമ്മറിൽ സ്വന്തമാക്കുന്ന കാര്യമാണ് ലിവർപൂൾ പരിഗണിക്കുന്നത്.

ജെയിംസ് മിൽനർ, ജോർദാൻ ഹെൻഡേഴ്‌സൺ, തിയാഗോ അൽകാൻട്ര എന്നീ താരങ്ങളെല്ലാം മുപ്പതു വയസു കഴിഞ്ഞവർ ആയതിനാൽ അടുത്ത സീസണിൽ ടീമിന്റെ മധ്യനിര ശക്തിപ്പെടുത്താനാണ് ഗാവിയെ ലിവർപൂൾ നോട്ടമിടുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന ഗാവി ക്ലോപ്പിന്റെ പദ്ധതികൾക്ക് അനുയോജ്യനായ താരം ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അരങ്ങേറ്റം കഴിഞ്ഞതു മുതൽ ബാഴ്‌സലോണ സീനിയർ ടീമിൽ സ്ഥിരസാന്നിധ്യമായ ഗാവിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും രംഗത്തുണ്ട്. എന്നാൽ ബാഴ്‌സലോണയും ഫുട്ബോൾ ലോകവും കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ സാവിയാണ് ഇപ്പോൾ പരിശീലകനെന്നതിനാൽ ഗാവിയെ ടീമിനൊപ്പം തന്നെ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷ ക്ലബ് നേതൃത്വത്തിനുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit