ലിവര്‍പുള്‍ മുന്നേറ്റത്തിലേക്ക് ഡച്ച് താരത്തെ തേടി ക്ലോപ്പ്

ലിവര്‍പൂളിന്റെ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പുതിയ താരത്തെ തേടി ക്ലോപ്പും സംഘവും. വിയ്യാറയലിന്റെ ഡച്ച് മുന്നേറ്റ താരം അര്‍നോട്ട് ഡാന്യൂമയേയാണ് ലിവര്‍പൂള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ദ അത്‌ലറ്റിക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലിവര്‍പൂളിന്റെ രണ്ട് പ്രധാന മുന്നേറ്റ താരങ്ങളായ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവര്‍ ദേശീയ ടീമുകള്‍ക്കൊപ്പം കാമറൂണിലാണുള്ളത്. അതിനാല്‍ ഇരുതാരങ്ങളുടെയും അഭാവം നികത്താന്‍ കൂടിയാവും റെഡ്‌സ് പുതിയ താരത്തെ ടീമിലെത്തിക്കുക. വിയ്യാറയലിന്റെ മുന്നേറ്റനിരയില്‍ കളിക്കുന്ന ഡാന്യൂമയേ സീസണില്‍ മികച്ച പ്രകടനമാണ് കാഴചവെക്കുന്നത്.
18 മത്സരത്തില്‍ ഒന്‍പത് ഗോളുകള്‍ വിയ്യാറയലിന് വേണ്ടി നേടിയ താരമാണ് ഡാന്യൂമയേ. 20 മില്യന്‍ യൂറോക്ക് ഈ സീസണില്‍ ബേണ്‍മൗത്തില്‍ നിന്നായിരുന്നു വിയ്യാറയല്‍ താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിന് 75 മില്യന്‍ റിലീസ് ക്ലോസ് ഉണ്ട് എന്നത് ലിവര്‍പൂളിന് തിരിച്ചടിയായേക്കും. മുഴുവന്‍ റിലീസ് ക്ലോസും നല്‍കാതെ 50 മില്യന്‍ യൂറോയെങ്കിലും നല്‍കി താരത്തെ ടീമിലെത്തിക്കുന്നതിനുള്ള സാധ്യതകളും ലിവര്‍പൂള്‍ നോക്കും.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ സിറ്റിക്കും ചെല്‍സിക്കുമൊപ്പം കിരീടപ്പോരാട്ടത്തിന് മുന്നില്‍ തന്നെയുണ്ട്. തുടര്‍ന്നും കിരീടപ്പോരാട്ടത്തില്‍ നിന്ന് പിറകോട്ട് പോവാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ പുതിയ താരത്തെ ആന്‍ഫീല്‍ഡിലെത്തിക്കുന്നത്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് കഴിയുന്നതിനുള്ളില്‍ അഞ്ച് മത്സരങ്ങളാണ് ലിവർപൂളിന് കളിക്കാനുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.