Transfers

മുഹമ്മദ് സലാക്ക് പകരക്കാരനായി മാര്‍ക്കോ അസെന്‍സിയോയെ ലിവർപൂൾ പരിഗണിക്കുന്നു

Haroon Rasheed
Spain  v Czech Republic  -UEFA Nations league
Spain v Czech Republic -UEFA Nations league / Soccrates Images/GettyImages
facebooktwitterreddit

ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാക്ക് പകരക്കാരനായി റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയെ ലിവർപൂൾ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത സീസണോടെ സലായുടെ ലിവര്‍പൂളുമായുള്ള നിലവിലെ കരാർ അവസാനിക്കും.

അസെന്‍സിയോക്കും റയല്‍ മാഡ്രിഡില്‍ ഒരു വര്‍ഷത്തെ കരാര്‍ മാത്രമേ ബാക്കിയുള്ളൂ. അതിനാല്‍ യൂറോപ്പില്‍ നിന്നുള്ള മറ്റു വമ്പന്‍മാരായ ഇന്റര്‍ മിലാന്‍, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവർക്ക് താരത്തിൽ താത്പര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെയാണ് ലിവര്‍പൂള്‍ സലാ ക്ലബ് വിടുകയാണെങ്കിലുള്ള പരിഹാരം അന്വേഷിക്കുന്നത്. ലിവര്‍പൂളുമായുള്ള കരാര്‍ തീരുന്നതോടെ സലാ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.

ഈ സ്ഥാനത്തേക്ക് അസെന്‍സിയോയെയാണ് ലിവര്‍പൂള്‍ പരിഗണിക്കുന്നതെന്നാണ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. എന്നാല്‍ 50 മില്യന്‍ യൂറോക്ക് മുകളില്‍ ലഭിച്ചാല്‍ മാത്രമേ അസെന്‍സിയോയെ വില്‍ക്കാന്‍ ശ്രമിക്കുകയുള്ളുവെന്നാണ് റയല്‍ മാഡ്രിഡിന്റെ നിലപാട്. റയല്‍ മാഡ്രിഡിന് തൃപ്തികരമായ ഓഫറുകള്‍ വന്നില്ലെങ്കില്‍ താരം അടുത്ത സമ്മര്‍വരെ സ്‌പാനിഷ്‌ ക്ലബിൽ തുടർന്നേക്കും.

2014ല്‍ മയ്യോര്‍ക്കയില്‍ നിന്നായിരുന്നു അസെന്‍സിയോ റയലിലെത്തിയത്. ഒരു ഘട്ടത്തിൽ റയല്‍ മാഡ്രിഡിലെ നിര്‍ണായക സാന്നിധ്യമായിരുന്ന അസെന്‍സിയോ അവസാന സീസണില്‍ പലപ്പോഴും ബെഞ്ചിലായിരുന്നു.

അതേ സമയം, 2017 മുതല്‍ ലിവര്‍പൂളിന്റെ മുന്നേറ്റനിരയിലെ പ്രാധാന താരമാണ് സലാ. സാദിയോ മാനെ, റോബര്‍ട്ട് ഫിര്‍മീഞ്ഞോ എന്നിവര്‍ക്കൊപ്പം മികച്ച കോമ്പിനേഷനുണ്ടാക്കാനും സലാക്ക് കഴിഞ്ഞിരുന്നു. ലിവര്‍പൂളിനായി 254 മത്സരം കളിച്ച സലാ 156 ഗോളുകളും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.


facebooktwitterreddit