Champions League

റയൽ മാഡ്രിഡിന്റെ ടീം ബസിനു നേരെ ആരാധകർ ആക്രമണമഴിച്ചു വിട്ട സംഭവത്തെ അപലപിച്ച് ലിവർപൂൾ

Sreejith N
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two
Liverpool FC v Real Madrid - UEFA Champions League Quarter Final: Leg Two / Michael Regan/Getty Images
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ആൻഫീൽഡിലെത്തിയ റയൽ മാഡ്രിഡിന്റെ ടീം ബസിനു നേരെ ആരാധകർ ആക്രമണമഴിച്ചു വിട്ട സംഭവത്തെ അപലപിച്ച് ലിവർപൂൾ. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷികളുടെ മൊഴികൾ പ്രകാരം കല്ലും മറ്റു വസ്തുക്കളുമുപയോഗിച്ചാണ് ലിവർപൂൾ ആരാധകർ ടീം ബസിൽ സിദാൻ ഇരുന്നിരുന്ന ഭാഗത്തെ ആക്രമിച്ചത്. ബസിന്റെ വിൻഡോ ആക്രമണത്തിൽ തകരുകയും ചെയ്‌തിരുന്നു.

"ആൻഫീൽഡിലെത്തിയ റയൽ മാഡ്രിഡിന്റെ ബസിനു നേരെയുണ്ടായ ആക്രമണത്തെയും അതിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളെയും ശക്തമായ രീതിയിൽ അപലപിക്കുന്നു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത സ്വഭാവമാണ് ചിലരുടെ ഭാഗത്തു നിന്നുമുണ്ടായത്. അതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകളോട് ക്ഷമ ചോദിക്കുന്നു. പോലീസുമായി ബന്ധപ്പെട്ട് ഇതിനു കാരണക്കാരെ ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കും." ലിവർപൂൾ പ്രസ്‌താവനയിൽ പറഞ്ഞു.

ഇതാദ്യമായല്ല എതിരാളികളുടെ ടീം ബസ് ആൻഫീൽഡിൽ ആക്രമിക്കപ്പെടുന്നത്. 2018ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ ടീം ബസും ആൻഫീൽഡിൽ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റിക്കുണ്ടായ ബുദ്ധിമുട്ടുകളോട് ലിവർപൂൾ ക്ഷമാപണം നടത്തുകയും ചെയ്തു.

അതേസമയം റയലിന്റെ ആത്മവിശ്വാസത്തെ തകർക്കാൻ ആരാധകരുടെ ആക്രമണത്തിനും കഴിഞ്ഞിട്ടില്ല. ആൻഫീൽഡിൽ ലിവർപൂളിനെ മികച്ച രീതിയിൽ പ്രതിരോധിച്ച റയൽ മാഡ്രിഡ് ഗോൾരഹിത സമനില നേടിയെടുത്തത് ആദ്യപാദത്തിലെ മികച്ച വിജയത്തിന്റെ പിൻബലത്തിൽ സെമി ഫൈനലിലേക്ക് മുന്നേറി. ചെൽസിയാണ് സെമിയിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

facebooktwitterreddit