ഡാര്‍വിന്‍ നൂനസിനെ സ്വന്തമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ലിവര്‍പൂള്‍, അട്ടിമറി നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയുടെ ഉറുഗ്വെയന്‍ താരം ഡാര്‍വിന്‍ നൂനസിനെ ടീമിലെത്തിക്കാന്‍ കഴിയുമെന്ന് ലിവര്‍പൂള്‍ പ്രതീക്ഷിക്കുന്നതായി 90min മനസിലാക്കുന്നു.
പോര്‍ച്ചുഗീസ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ നൂനസുമായി ലിവര്‍പൂള്‍ കരാര്‍ ഉറപ്പിച്ചതായാണ് 90min മനസിലാക്കുന്നത്. അവസാന സീസണില്‍ ബെന്‍ഫിക്കക്കായി 28 മത്സരത്തില്‍ നിന്ന് 34 ഗോളുകളാണ് നൂനസ് സ്വന്തമാക്കിയിരിക്കുന്നത്. അതിനാല്‍ ലിവര്‍പൂളിന്റെ മുന്നേറ്റനിരക്ക് ശക്തിപകരാന്‍ നൂനസിന് കഴിയുമെന്ന പ്രതീക്ഷയും ചെമ്പടക്കുണ്ട്.
20 മില്യന്‍ യൂറോയുടെ ആഡ് ഓൺ ഉള്‍പ്പെടെ 100 മില്യന്‍ യൂറോയുടെ ഇടപാടിനാണ് ബെന്‍ഫിക്ക ശ്രമിക്കുന്നത്. എന്നാല്‍ ലിവര്‍പൂള്‍ എന്ത് നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്തായാലും ഇരുവിഭാഗവും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.
ലിവര്‍പൂളിന്റെ മുന്നേറ്റനിരയില്‍ നിന്ന് സെനഗല്‍ താരം സാദിയോ മാനെ ക്ലബ് വിടുകയാണെങ്കില്‍ ചെമ്പടയുടെ മുന്നേറ്റത്തിന് കരുത്ത് പകരാന്‍ കഴിയുന്ന താരമാണ് നൂനസ്. ലിവര്‍പൂളിള്‍ ഒരു വര്‍ഷംകൂടി കരാര്‍ ബാക്കിയുള്ള മാനെ ക്ലബ് വിടാനാണ് ലക്ഷ്യമിടുന്നത്. താരത്തിനായി ജര്‍മന്‍ കരുത്തന്‍മാരായ ബയേണ്‍ മ്യൂണിക്ക് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം നുനസിനെ റാഞ്ചാൻ ലിവർപൂൾ തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോൾ വെറുതെയിരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറല്ല. പോർച്ചുഗീസ് ഫുട്ബോൾ ഏജന്റായ പെഡ്രോ സപുൾവേദ കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് പറഞ്ഞതു പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് നുനസിന്റെ ഏജന്റായ ജോർജ് മെൻഡസുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
നുനസിനായി ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നീ ക്ലബുകൾ രംഗത്തുണ്ടായിരുന്നുവെങ്കിലും ലിവർപൂൾ ഓഫർ നൽകിയതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏജന്റുമായി ചർച്ചകൾ നടത്തിയത്. താരത്തെ സ്വന്തമാക്കാനുള്ള വഴികളെക്കുറിച്ച് അറിയാനാണ് അവർ ചർച്ച നടത്തിയതെന്നും സാധ്യമെങ്കിൽ ഒരു അട്ടിമറി നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഗ്രഹം യുറുഗ്വായ് താരം പരിഗണിക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് പെഡ്രോ വ്യക്തമാക്കുന്നത്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നതിന് വേണ്ടി നൂനസിന് ലിവര്‍പൂളിലേക്ക് ചേക്കേറാന്‍ തന്നെയാണ് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.