Football in Malayalam

ആഴ്‌സണലിനു പ്രീമിയർ ലീഗ് ടോപ് ഫോർ ഉറപ്പിക്കാനായില്ലെങ്കിൽ സാക്കെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും

Sreejith N
Arsenal v Newcastle United - Premier League
Arsenal v Newcastle United - Premier League / Richard Heathcote/GettyImages
facebooktwitterreddit

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്‌സണൽ ടീമിലെ പ്രധാന താരമാണ് ബുക്കായോ സാക്ക. എന്നാൽ 2024ൽ കരാർ അവസാനിക്കുന്ന താരവുമായി പുതിയ കരാറിലെത്താനുള്ള നീക്കങ്ങൾ ഇതുവരെയും വിജയം കണ്ടിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് താരത്തെ സ്വന്തമാക്കാൻ വേണ്ടി പ്രീമിയർ ലീഗിലെ വമ്പന്മാർ ശ്രമം നടത്തുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇഎസ്‌പിഎന്നിനെ അടിസ്ഥാനമാക്കി മാർക്ക പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഇരുപതുകാരനായ വിങ്ങർക്കായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് രംഗത്തു വന്നിട്ടുള്ളത്. ഈ സീസണിൽ ആഴ്‌സണലിനു ടോപ് ഫോർ ഉറപ്പിക്കാനായില്ലെങ്കിൽ അതു മുതലെടുത്ത് താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്താമെന്നാണ് രണ്ടു ക്ലബുകളും കണക്കു കൂട്ടുന്നത്.

സാക്കയിൽ വമ്പൻ ക്ളബുകൾക്കുള്ള താല്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു നല്ല അടയാളമാണെന്നാണ് ആഴ്‌സണൽ പരിശീലകനായ അർടെട്ട ജനുവരിയിൽ പറഞ്ഞത്. താരം ചെയ്യുന്ന മികച്ച ജോലിക്കുള്ള അംഗീകാരമാണതെന്നും അതിൽ അവർക്ക് അഭിമാനിക്കാമെന്നും അർടെട്ട പറഞ്ഞിരുന്നു. ഓരോ കളിയിലും താരം കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്നും സ്‌പാനിഷ്‌ പരിശീലകൻ കൂട്ടിച്ചേർത്തിരുന്നു.

നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നീ ക്ലബുകൾ ടോപ് ത്രീ ഉറപ്പിക്കുമെന്ന സാധ്യതയുമായി മുന്നോട്ടു പോകുമ്പോൾ ആഴ്‌സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, വെസ്റ്റ് ഹാം എന്നീ ക്ലബുകൾ നാലാം സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആഴ്‌സണലിനു കഴിഞ്ഞില്ല എങ്കിൽ സാക്കയെ അവർക്ക് നഷ്‌ടമാകാനുള്ള സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit