Football in Malayalam

2007ന് ശേഷം ഇതാദ്യമായി പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ ഒരേ ദിവസം തോറ്റ് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും

Gokul Manthara
Manchester City v Manchester United - Premier League
Manchester City v Manchester United - Premier League / Pool/Getty Images
facebooktwitterreddit

പ്രീമിയർ ലീഗിൽ ഇന്നലെ തങ്ങളുടെ ഹോം ഗ്രൗണ്ടുകളിൽ നടന്ന മത്സരങ്ങളിൽ ലിവർപൂളും, മാഞ്ചസ്റ്റർ സിറ്റിയും പരാജയപ്പെട്ടിരുന്നു. ലിവർപൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ഫുൾഹാം കീഴടക്കിയപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0ന് മാഞ്ചസ്റ്റർ സിറ്റിയെ വിഴ്ത്തുകയായിരുന്നു‌‌‌. ലിവർപൂൾ ആൻഫീൽഡിലും, മാഞ്ചസ്റ്റർ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിലും നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിൽ ഒറ്റ നോട്ടത്തിൽ പ്രത്യേകതകളൊന്നുമില്ലെന്ന് തോന്നാമെങ്കിലും ഇരുവരുടേയും പരാജയങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്.

14 വർഷ‌ങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ലിവർപൂളും, മാഞ്ചസ്റ്റർ സിറ്റിയും ഒരേ ദിനം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പരാജയപ്പെടുന്നത്. ഇതിന് മുൻപ് ഇത്തരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടത്‌ 2007 മാർച്ച് 3നായിരുന്നു. അന്ന് റാഫേൽ ബെനിറ്റസിന്റെ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനോടും, സ്റ്റുവാർട്ട് പിയേഴ്സിന്റെ മാഞ്ചസ്റ്റർ സിറ്റി വിഗാനോടുമായിരുന്നു പരാജയപ്പെട്ടത്. ഇതിന് ശേഷം ഇന്നലെയാണ് പ്രീമിയർ ലീഗിലെ‌ ഹോം മത്സരത്തിൽ ഒരേ ദിനം ഇവർ പരാജയപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഇന്നലെ സംഭവിച്ച 2-0ത്തിന്റെ തോൽവിയോടെ സിറ്റിയുടെ 28 മത്സരങ്ങളുടെ അപരാജിത കുതിപ്പ് കൂടിയാണ് അവസാനിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ സ്പർസിനോടായിരുന്നു‌ ഇതിന് മുൻപ് സിറ്റി അവസാനമായി പരാജയം നുണഞ്ഞത്‌. അന്ന് 2-0ന് തോൽവിയേറ്റു വാങ്ങിയതിന് ശേഷം കളിച്ച 28 മത്സരങ്ങളിലും പെപ് ഗ്വാർഡിയോളയുടെ സംഘം പരാജയമറിഞ്ഞിരുന്നില്ല.

അതേ സമയം, ഫുൾഹാമിനെതിരായ തോൽവി ആൻഫീൽഡിലെ ലിവർപൂളിലെ തുടർച്ചയായ ആറാം തോൽവിയാണ്. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ 8 മത്സരങ്ങളിൽ വിജയം നേടാനും നിലവിലെ പ്രീമിയർ ലീഗ് ജേതാക്കൾക്ക് കഴിഞ്ഞിട്ടില്ല.

facebooktwitterreddit