Transfers

ആഴ്സണലിനു പിന്നാലെ അർജന്റീനൻ പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Vaisakh. M
Lisandro Martinez has emerged as Erik ten Hag's top defensive target
Lisandro Martinez has emerged as Erik ten Hag's top defensive target / Juan Manuel Serrano Arce/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധനിരയിലേക്ക് അർജന്റീനൻ യുവതാരം ലിസാൻഡ്രോ മാർട്ടിനസിനെ മുഖ്യലക്ഷ്യമായി എറിക് ടെൻ ഹാഗ് നോട്ടമിടുന്നതായി 90min മനസിലാക്കുന്നു.

24കാരനായ ലിസാൻഡ്രോ മാർട്ടിനസിനായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആഴ്സണലും ശക്തമായി രംഗത്തുണ്ട്. 2019ൽ നിലവിലെ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് അയാക്സിലേക്ക് കൊണ്ടുവന്ന താരമാണ് മാർട്ടിനസ്. താരത്തിന്റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധമുള്ള ടെൻ ഹാഗ് തന്നെയാണ് യുണൈറ്റഡ് പ്രതിരോധനിരയിലേക്ക് താരത്തെ പരിഗണിക്കുന്നത്.

താരത്തിനായി മത്സരിക്കുന്ന ആഴ്സണൽ ഇതിനോടകം തന്നെ 40 മില്യൺ യൂറോയും ആഡ് ഓൺസുമടങ്ങുന്ന ഓഫർ അയാക്സിനു സമർപ്പിച്ചിട്ടുണ്ട്. താരത്തിനായി പരമാവധി 50 മില്യൺ വരെ ആഴ്സണൽ മുടക്കാൻ തയ്യാറാണ്. ഇതുവരെ ഓഫറുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും താരത്തിലുള്ള താത്പര്യം യുണൈറ്റഡും വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്നൂർദിൽ നിന്ന് ടൈറൽ മലാസിയയെയും ബാഴ്സലോണയിൽ നിന്നും ഫ്രെങ്കി ഡി യോങ്ങിനെയും സ്വന്തമാക്കാനുള്ള നീക്കങ്ങൾ അതിന്റെ അവസാനഘട്ടങ്ങളിലേക്ക് കടന്നതോടെ, മറ്റു ട്രാൻസ്ഫർ ലക്ഷ്യങ്ങളിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് . അതേ സമയം, വരും ദിവസങ്ങളിൽ മലാസിയയുടെയും ഡി യോങിന്റെയും ട്രാൻസ്ഫറുകൾ പൂർത്തീകരിക്കാനാകുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

മധ്യനിരതാരം ക്രിസ്ത്യൻ എറിക്സനിലും യുണൈറ്റഡ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ബ്രെന്റ്ഫോർഡുമായി കരാർ കാലാവധി തീർന്ന എറിക്‌സണ് കോൺട്രാക്ട് ഓഫർ നൽകിയ ചുവന്ന ചെകുത്താന്മാർ, താരത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. ലിസാൻഡ്രോ മാർട്ടിനസിനെ കൂടാതെ മറ്റൊരു അയാക്സ് താരമായ ആന്റണിയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ട്.


facebooktwitterreddit