ലൗടാരോ മാർട്ടിനസ് ഇറങ്ങുമെന്നുറപ്പില്ല, യുറുഗ്വായ്ക്കെതിരെയുള്ള അർജന്റീന ടീമിനെക്കുറിച്ച് ലയണൽ സ്കലോണി


യുറുഗ്വായ്ക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അർജന്റീന ടീമിൽ ഇന്റർ മിലാൻ സ്ട്രൈക്കർ ലൗടാരോ മാർട്ടിനസ് ഉണ്ടാകുമെന്ന കാര്യം ഉറപ്പില്ലെന്ന് ലയണൽ സ്കലോണി. പരിക്കു മൂലം പാരഗ്വായ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്നും താരം ഒഴിവാക്കപ്പെട്ടിരുന്നു. അതേസമയം ആരാണ് കളിക്കുന്നതെന്ന ആശങ്ക തനിക്കില്ലെന്നും ടീം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും സ്കലോണി പറഞ്ഞു.
"ആരാണ് കളിക്കുന്നതെങ്കിലും ഞങ്ങൾ ശാന്തരാണ്, ടീമിന്റെ പ്രകടനത്തിൽ ഞങ്ങൾക്ക് സംതൃപ്തിയുണ്ട്. താരങ്ങളുടെ സാഹചര്യം എങ്ങിനെയുണ്ടെന്നു വിലയിരുത്തി ഞങ്ങൾ ടീം സ്ഥിരീകരിക്കും. ലൗടാരോ മാർട്ടിനസ്, അക്യൂന എന്നിവരെ ഒഴിവാക്കി നിർത്തിയാൽ മറ്റു താരങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും നാളെ ഉച്ചവരെ ടീം തീരുമാനിക്കില്ല. അവർ പരിക്കിൽ നിന്നു മുക്തരാവുമോയെന്നു കൂടി പരിഗണിച്ചാണ് അതു ചെയ്യുക." ഇന്നലെ മാധ്യമങ്ങളോട് സ്കലോണി പറഞ്ഞു.
Argentina coach Lionel Scaloni press conference, starting eleven, World Cup qualifiers. https://t.co/bDNSlIgYZx
— Roy Nemer (@RoyNemer) October 9, 2021
ലൗടാരോ മാർട്ടിനസ്, മാർക്കോസ് അക്യൂന എന്നിവർ കളിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ തനിക്ക് യാതൊരു ഉറപ്പുമില്ലെന്നും അവസാന നിമിഷം മാത്രമേ അതു തീരുമാനിക്കൂവെന്നും സ്കലോണി വ്യക്തമാക്കി. നാഹ്വൽ മോളിന, ഗോൺസാലോ മോണ്ടിയാൽ എന്നിവരിൽ ആരായിരിക്കും റൈറ്റ് ബാക്കായി കളിക്കുകയെന്നും പിന്നീട് തീരുമാനിക്കുമെന്നും സ്കലോണി വ്യക്തമാക്കി.
ടീമിന്റെ ശൈലിയിൽ മാറ്റമുണ്ടാകില്ലെന്നും എല്ലാ താരങ്ങളും ഒറ്റക്കെട്ടായി കളിക്കുന്നുണ്ടെന്നും പറഞ്ഞ സ്കലോണി സെക്കൻഡ് സ്ട്രൈക്കർ പൊസിഷനിൽ ലൂക്കാസ് അലാരിയോ നല്ല പ്രകടനം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമുകളിൽ ഒന്നായ, കരുത്തരായ യുറുഗ്വായെ നേരിടുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.