വ്യക്തിപരമായ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്, ഖത്തർ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലയണൽ സ്കലോണി


വ്യക്തിപരമായ പ്രശ്നങ്ങളിലൂടെയാണ് താൻ കുറച്ചു മാസങ്ങളായി കടന്നു പോകുന്നതെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ലൗടാരോ മാർട്ടിനസ് നേടിയ ഒരു ഗോളിന് അർജന്റീന വിജയിച്ചതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തൽ സ്കലോണി നടത്തിയത്.
"എനിക്കാദ്യം ചെയ്യേണ്ടത് വീട്ടിലേക്ക് മടങ്ങിപ്പോവുകയാണ്. എന്റെ കുടുംബത്തെ ഞാൻ കണ്ടിട്ട് വളരെ നാളുകളായി. കുടുംബപരമായ സാഹചര്യങ്ങൾ മൂലം ലോകകപ്പിനെ കുറിച്ച് ചിന്തിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഞാനുള്ളത്. എനിക്കു പോകണം, ഇക്കഴിഞ്ഞ ഏതാനും മാസങ്ങൾ വളരെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. മറ്റൊന്നിനെ കുറിച്ചും എനിക്കറിയേണ്ട കാര്യമില്ല."
Argentina national team coach Lionel Scaloni comments on win, personal issues. https://t.co/AUJh6EyoaV
— Roy Nemer (@RoyNemer) October 15, 2021
"ഈ മൂന്നു മത്സരങ്ങൾ ഇന്നവസാനിച്ചിരിക്കുന്നു, ഇനിയെന്തു ചെയ്യണമെന്നു നോക്കാം. എനിക്കും എന്റെ കുടുംബത്തിനും പ്രയാസമുള്ള നിമിഷങ്ങൾ ഇപ്പോഴുണ്ട്. ഞാൻ ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല, അതിലെനിക്ക് യാതൊരു താൽപര്യവും തോന്നുന്നില്ല." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സ്കലോണി പറഞ്ഞു.
അർജന്റീന ആരാധകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ് സ്കലോണിയുടെ വെളിപ്പെടുത്തൽ. ഇരുപത്തിയെട്ടു വർഷത്തിനു ശേഷം അർജന്റീനക്ക് ഒരു കിരീടം സമ്മാനിക്കുകയും ഒരു തോൽവി പോലും അറിയാതെ ടീം ഇരുപത്തിയഞ്ചു മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരിക്കുന്ന സമയത്താണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിനെക്കുറിച്ചു താൻ ചിന്തിക്കുന്നില്ലെന്ന് അർജന്റീന പരിശീലകൻ പറയുന്നത്.
പെറുവിനെതിരായ മത്സരം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നും വിജയത്തിൽ അർജന്റീന തൃപ്തരാണെന്നു തോന്നുന്നില്ലെന്നും സ്കലോണി പറഞ്ഞു. വളരെ കടുപ്പമേറിയ എതിരാളികളായിരുന്നു പെറുവെങ്കിലും അവർക്ക് ലഭിച്ച പെനാൽറ്റി ഒഴിവാക്കിയാൽ മത്സരം നിയന്ത്രിക്കാൻ അർജന്റീനക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.