Football in Malayalam

ബ്രസീലിനെ നേരിടാൻ അർജന്റീന തയ്യാറെടുത്തുവെന്ന് സ്‌കലോണി, ആദ്യ ഇലവനെക്കുറിച്ച് സൂചനകളില്ല

Sreejith N
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / Andressa Anholete/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ നേരിടാൻ അർജന്റീന തയ്യാറെടുത്തു കഴിഞ്ഞുവെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നാളെ പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇറക്കുന്ന ടീമിനെക്കുറിച്ച് അർജന്റീന പരിശീലകൻ സൂചനകളൊന്നും നൽകിയില്ല.

"അവസാന നിമിഷം വരെ ഈ ടീം കഴിവിന്റെ അങ്ങേയറ്റം പുറത്തെടുക്കുമെന്ന് എല്ലാവർക്കുമറിയാം. ഫുട്ബോളിൽ ഏതു നിമിഷവും കാര്യങ്ങൾ മാറിമറിയാം, അതുകൊണ്ടു തന്നെ ഞങ്ങൾ കഴിവിന്റെ പരമാവധി കാഴ്‌ച വെക്കും. ഞങ്ങൾ ബ്രസീലിനെ വിലയിരുത്തിയിട്ടുണ്ട്, മുൻകരുതലുകളെടുത്ത് അവരെ ആക്രമിക്കാനാണ് അർജന്റീന ശ്രമിക്കുക."

കോപ്പ അമേരിക്ക കിരീടം മെസിയുടെ കരിയറിനെ നിശ്ചയിക്കുന്നതിൽ യാതൊരു പങ്കും വഹിക്കുന്നില്ലെന്നും സ്‌കലോണി പറഞ്ഞു. "കിരീടം നേടിയാലും ഇല്ലെങ്കിലും മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി തുടരും. കിരീടം നേടി അതു തെളിയിക്കേണ്ട കാര്യമില്ല. എതിരാളികൾക്കു വരെ ഇക്കാര്യമറിയാവുന്നതാണ്."

"ഞങ്ങളുടെ ശൈലിയും എല്ലാവർക്കുമറിയാവുന്നതാണ്. പലപ്പോഴും നമുക്ക് മുഴുവൻ സമയവും കളിക്കളത്തിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല. മാർക്വിന്യോസ് ഇക്കാര്യം പറഞ്ഞതിനെ ഞാൻ അംഗീകരിക്കുന്നു. പലപ്പോഴും എതിരാളികൾ മികച്ചു നിൽക്കാം, എങ്കിലും എല്ലായിപ്പോഴും ആധിപത്യം സ്ഥാപിക്കുകയാണ് ടീമിന് നല്ലത്." ടീമിനെ ശൈലിയെക്കുറിച്ച് സ്‌കലോണി പറഞ്ഞു.

കോപ്പ അമേരിക്ക ഫൈനൽ വളരെ പ്രധാനപ്പെട്ട മത്സരമാണെങ്കിലും അതിനെ ശാന്തതയോടെയും ജാഗ്രതയോടെയും നേരിടണമെന്നും സ്‌കലോണി പറഞ്ഞു. മത്സരം വിജയിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതിനൊപ്പം താരങ്ങൾ പരിഭ്രമമില്ലാതെ കളിക്കണമെന്നും ഇതൊരു ഫുട്ബോൾ മത്സരം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിനുള്ള ആദ്യ ഇലവനെക്കുറിച്ച് സ്‌കലോണി സൂചനകളൊന്നും നൽകിയില്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ നിന്നും വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യൻ റൊമേരോ ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ താരം പെസല്ലക്ക് പകരം പ്രതിരോധത്തിൽ ഇറങ്ങുന്നത് മാത്രമായിരിക്കും അർജന്റീന ടീമിൽ വരുത്താൻ സാധ്യതയുള്ള മാറ്റം.

facebooktwitterreddit