Football in Malayalam

"ചിലിക്കെതിരെയും അർജന്റീന വിജയമർഹിച്ചിരുന്നു"- യുറുഗ്വായെ കീഴടക്കിയതിനെയും ടീമിലെ മാറ്റങ്ങളെയും കുറിച്ച് സ്‌കലോണി

Sreejith N
Argentina v Venezuela: Quarterfinal - Copa America Brazil 2019
Argentina v Venezuela: Quarterfinal - Copa America Brazil 2019 / Jam Media/Getty Images
facebooktwitterreddit

യുറുഗ്വായ്‌ക്കെതിരായ കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിൽ പൂർണ തൃപ്‌തിയുണ്ടെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. ചിലിക്കെതിരായ കഴിഞ്ഞ മത്സരത്തിലും അർജന്റീന വിജയമർഹിച്ചിരുന്നുവെന്നു പറഞ്ഞ സ്‌കലോണി അന്ന് വരുത്തിയ ചെറിയ പിഴവുകൾ തിരുത്തി, എതിരാളികളുടെ ആക്രമങ്ങളെ തടയാനും അവർക്ക് ഭീഷണിയുയർത്തി മുന്നോട്ടു പോകാനും ടീമിനു കഴിഞ്ഞുവെന്നും മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.

മത്സരത്തിൽ ഗോൾ നേടിയ ഗുയ്‌ഡോ റോഡ്രിഗസിനെയും ഗോൺസാലോ മോണ്ടിയലിനു പകരം ഫുൾ ബാക്കായി കളിച്ച നഹ്‌വൽ മോളിനയെയും സ്‌കലോണി പ്രശംസിച്ചു. വളരെക്കാലമായി ടീമിനൊപ്പം ആത്മാർത്ഥതയോടെ തുടരുകയും സഹതാരങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന റോഡ്രിഗസ് നല്ല രീതിയിൽ തയ്യാറെടുത്ത് അവസരം ലഭിച്ചപ്പോൾ അത് ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് സ്‌കലോണി പറഞ്ഞു. മോളിനോയെ പോലുള്ള താരങ്ങൾ ദേശീയ ടീമിനൊപ്പം വളരെക്കാലം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിൽ നിന്നും നാല് മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങിയത്. പ്രതിരോധത്തിൽ ലൂക്കാസ് മാർട്ടിനസ് ക്വാർട്ടക്ക് പകരം ക്രിസ്റ്റ്യൻ റൊമേരോ തിരിച്ചെത്തിയപ്പോൾ ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് സ്ഥാനങ്ങളിൽ ടാഗ്ലിയാഫിക്കോ, മോണ്ടിയാൽ എന്നിവർക്കു പകരം മാർക്കോസ് അക്യൂന, നഹ്വൽ മോളിന എന്നിവരാണ് അണിനിരന്നത്. ഇതിനു പുറമെ പരിക്കേറ്റ പരഡെസിനു പകരക്കാരനായി ഗുയ്‌ഡോ റോഡ്രിഗസും കളത്തിലിറങ്ങി.

യുറുഗ്വായ്‌ക്കെതിരായ മത്സരത്തിന്റെ ഒഴുക്ക് എങ്ങനെയായിരിക്കുമെന്നും എതിരാളികളുടെ സ്വഭാവത്തെയും വിലയിരുത്തിയാണ് ഈ ടീമിനെ തീരുമാനിച്ചതെന്നാണ് സ്‌കലോണി പറഞ്ഞത്. അതിനു പുറമെ തുടർച്ചയായ മത്സരങ്ങൾ പൂർത്തിയാക്കിയതും തന്റെ പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ താരങ്ങളെയും താൻ കണക്കിലെടുക്കുന്നുണ്ടെന്നും അവരെല്ലാം മികവു പുലർത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

ലൗടാരോ മാർട്ടിനസിനു പകരക്കാരനായി അഗ്യൂറോയെ കളത്തിലിറക്കുന്നതിനു പകരം ജൊവാക്വിൻ കൊറേയയെ ഇറക്കിയത് ടീമിന് ഗുണം ചെയ്‌തുവെന്ന അഭിപ്രായമാണ് സ്‌കലോണിക്കുള്ളത്. അതേസമയം ടീം രണ്ടാം പകുതിയിൽ മോശമായിരുന്നുവെന്ന അഭിപ്രായങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. ടീം വളരെ കരുത്തുറ്റ പ്രകടമാണ് നടത്തിയതെന്ന പറഞ്ഞ സ്‌കലോണി രണ്ടാം പകുതിയിൽ യുറുഗ്വായ് ഗോളിലേക്ക് തീരെ ലക്‌ഷ്യം വെച്ചില്ലെന്നതും ചൂണ്ടിക്കാട്ടി.

facebooktwitterreddit