Football in Malayalam

അർജന്റീന ടീമിൽ നിന്നും ഡിബാലയെ ഒഴിവാക്കിയതിനെ കുറിച്ചും, മെസി, അഗ്യൂറോ എന്നിവരെപ്പറ്റിയും പ്രതികരിച്ച് സ്കെലോണി

Sreejith N
Qatar v Argentina: Group B - Copa America Brazil 2019
Qatar v Argentina: Group B - Copa America Brazil 2019 / Pedro Vilela/Getty Images
facebooktwitterreddit

ലോകകപ്പ് യോഗ്യത മത്സരങ്ങൾ വരാനിരിക്കെ അർജന്റീന ടീമിൽ നിന്നും യുവന്റസ് സൂപ്പർതാരം ഡിബാലയെ ഒഴിവാക്കിയതിനെ കുറിച്ചു പ്രതികരിച്ച് പരിശീലകൻ ലയണൽ സ്കെലോണി. അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരങ്ങൾക്ക് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഈ സീസണിൽ പരിക്കിന്റെ പ്രശ്‌നങ്ങൾ മൂലം അധികം മത്സരങ്ങളിൽ ഇറങ്ങാൻ കഴിയാതിരുന്ന അഗ്യൂറോ ടീമിലിടം പിടിക്കുകയും ഡിബാല ഒഴിവാക്കപ്പെടുകയും ചെയ്‌തിരുന്നു.

"എല്ലായിപ്പോഴും കുടെയുണ്ടായിരുന്നതും ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നതുമായ കളിക്കാരനാണ് ഡിബാല. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി കളിക്കാതിരിക്കുന്ന അദ്ദേഹത്തിന്റെ ക്ലബ് ചില പ്രതിസന്ധികളിലൂടെ കടന്നു പോവുകയും ചെയ്യുന്നു. ഞങ്ങൾ എപ്പോഴും അദ്ദേഹത്തെ മനസ്സിൽ കാണുന്നുണ്ടെങ്കിലും ടീമിന്റെ താളവുമായി താരം ഒത്തു പോകേണ്ടത് ആവശ്യമാണ്," ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ സ്കെലോണി പറഞ്ഞു.

"താരം ഫോം തിരിച്ചു പിടിക്കുമെന്നും കളിക്കാൻ കഴിയുമോയെന്ന കാര്യം പിന്നീട് തീരുമാനിക്കാൻ കഴിയുമെന്നും കരുതുന്നു. 23 അംഗ സ്‌ക്വാഡിനെ തീരുമാനിക്കുമ്പോൾ താരങ്ങളോടുള്ള താൽപര്യവും സഹാനുഭൂതിയും മാറ്റിനിർത്തേണ്ടതുണ്ട്. ഡിബാല തന്റെ പൊസിഷൻ വരെ മാറിക്കളിച്ച് വളരെ നല്ല രീതിയിൽ ഞങ്ങളോട് പ്രതികരിച്ചിട്ടുണ്ടെങ്കിലും ടീമാണ് ഏറ്റവും പ്രധാനപ്പെട്ടത്," സ്കെലോണി വ്യക്തമാക്കി.

അർജന്റീനിയൻ ടീമിലെ ഓരോ താരങ്ങൾക്കും അവർ ചെയ്യേണ്ടതെന്തെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും മെസിയും അവർക്കൊപ്പം ചേർന്ന് തന്റെ ഭാഗം ഭംഗിയാക്കുകയാണ് വേണ്ടതെന്നും സ്കെലോണി പറഞ്ഞു. ട്രെയിനിങ് സെഷനുകളിലും മറ്റും മികച്ച പ്രകടനം നടത്തുന്ന മെസി കളിക്കളത്തിലും അത് കാഴ്‌ച വെക്കുന്നത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും മറ്റാരേക്കാളും തന്റെ നിലവാരം ടീമിനൊപ്പം ചേരേണ്ടതുണ്ടെന്ന കാര്യം മെസിക്ക് അറിയാമെന്നും സ്കെലോണി വ്യക്തമാക്കി.

അതേസമയം പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയതിനു ശേഷമുള്ള മത്സരങ്ങളിൽ അഗ്യൂറോ നടത്തിയ പ്രകടനം പ്രതീക്ഷ നൽകുന്നതാണെന്നും സ്കെലോണി പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായി പ്രതികരിച്ചില്ലെങ്കിലും മെസിയും അഗ്യൂറോയും ഒരുമിച്ചു കളിക്കുന്നത് ഉറ്റ സുഹൃത്തുക്കളായ അവർക്ക് ഗുണം ചെയ്യുമെന്നും അതുകൊണ്ട് അർജന്റീനക്ക് ഗുണമോ ദോഷമോ ഉണ്ടാകില്ലെന്നും സ്കെലോണി വ്യക്തമാക്കി.


facebooktwitterreddit