ലയണൽ മെസി ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിക്കുമെന്നു സ്ഥിരീകരിച്ച് സ്കലോണി


ബ്രസീലിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ലയണൽ മെസി കളിക്കുമെന്ന കാര്യം സ്ഥിരീകരിച്ച് പരിശീലകൻ ലയണൽ സ്കലോണി. മത്സരത്തിനു മുൻപേ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിക്കേറ്റു പുറത്തായിരുന്നു ലിയാൻഡ്രോ പരഡെസ് ഫിറ്റ്നസ് പ്രശ്നങ്ങളുള്ള പൗളോ ഡിബാല എന്നിവരെ പറ്റിയും സ്കലോണി സംസാരിച്ചു.
"ലയണൽ മെസി വളരെ നല്ല രീതിയിൽ തന്നെ തുടരുന്നു, ശാരീരികാപരമായും അങ്ങിനെ തന്നെ. ഈ മത്സരത്തിനു താരം ഏറ്റവും മികച്ച രീതിയിൽ വരുന്നതിനു വേണ്ടി ഞങ്ങൾ അവസാനം ഏതാനും മിനുട്ടുകൾ മാത്രം താരത്തിനു നൽകിയാൽ മതിയെന്നു തീരുമാനിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ താരം കളിക്കുമെന്ന കാര്യം ഉറപ്പാണ്."
Argentina coach Lionel Scaloni confirms Lionel Messi will play against Brazil. https://t.co/I6bHXM8U9s
— Roy Nemer (@RoyNemer) November 15, 2021
പൗളോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും ലിയാൻഡ്രോ പരഡെസ് കളിക്കാനുള്ള സാധ്യതകളെപ്പറ്റിയും സ്കലോണി സംസാരിച്ചു. "പൗളോ ഡിബാല ഇവിടെയെത്തിയത് ചെറിയ പരിക്കോടെയാണ്, താരത്തെ കഴിഞ്ഞ മത്സരത്തിൽ ഹാഫ് ടൈമിൽ പിൻവലിക്കുകയും ചെയ്തു. താരത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് അറിയാൻ ഞങ്ങൾ ടെസ്റ്റുകൾ കാത്തിരിക്കയാണ്."
"ലിയാൻഡ്രോ പരഡെസ് സാധാരണ പോലെത്തന്നെ പരിശീലനം നടത്തിയിട്ടുണ്ട്. താരത്തിനു കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും ഫൈനൽ ടീമിൽ താരത്തെ ഉൾപ്പെടുത്താണോയെന്ന കാര്യം ഞങ്ങൾ വിശകലനം നടത്തിയതിനു ശേഷമേ തീരുമാനിക്കൂ. കുറെ ദിവസങ്ങൾ കളിക്കാതെയാണ് പരഡെസ് വരുന്നത്. താരത്തിന് കുഴപ്പമൊന്നും ഇല്ലെന്നതു തന്നെയാണ് പ്രധാനപ്പെട്ട കാര്യം." സ്കലോണി പറഞ്ഞു.
കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കിയെങ്കിലും വരാനിരിക്കുന്ന മത്സരം വളരെ കടുപ്പമേറിയതായിരിക്കുമെന്നും സ്കലോണി പറഞ്ഞു. ലോകകപ്പിനു യോഗ്യത നേടിക്കഴിഞ്ഞ നിലവിലെ ഒന്നാം സ്ഥാനക്കാർ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മറ്റെല്ലാ ടീമുകളും ബ്രസീലിനെ പോലെ തന്നെ കടുപ്പമേറിയ മത്സരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.