അർജന്റീന ടീമിനെക്കുറിച്ചും ഡിബാല, അഗ്യൂറോ എന്നിവരുടെ അസാന്നിധ്യത്തെക്കുറിച്ചും പ്രതികരിച്ച് ലയണൽ സ്കലോണി


വരുന്ന ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെക്കുറിച്ചും പരിക്കു മൂലം പുറത്തിരിക്കുന്ന അഗ്യൂറോ, ഡിബാല എന്നിവയെക്കുറിച്ചും സംസാരിച്ച് പരിശീലകൻ ലയണൽ സ്കലോണി. വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് വരാനിരിക്കുന്നതെന്നും കഴിഞ്ഞ തവണത്തെ സ്ക്വാഡിൽ നിന്നും വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ ടീമെന്നും എഎഫ്എ യൂട്യൂബ് ചാനലിനോട് സ്കലോണി പറഞ്ഞു.
"വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് വരാനിരിക്കുന്നത് എന്നതു കൊണ്ടും ഞാൻ വളരെ ആകാംക്ഷയോടെയാണ് അതിനു വേണ്ടി കാത്തിരിക്കുന്നത്. ഞങ്ങൾ തയ്യാറെടുത്തുവെന്നു വിശ്വസിക്കുന്നു. ടീമിന് ഒരു അടിത്തറയുണ്ട്, 80-90 ശതമാനം പേരും മുൻപേയുള്ള താരങ്ങളാണെന്നത് വളരെ കുറച്ചു സമയമേ ഉള്ളൂവെങ്കിലും സമാധാനം തരുന്നു. ഞങ്ങൾ ഒരിക്കലും തോൽക്കാത്തവരല്ല, അതിൽ നിന്നും ഒരുപാട് അകലെയാണ്. ഞങ്ങൾ എവിടെയാണു നിൽക്കുന്നതെന്നറിയാം. ഞങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നതു തുടരുമ്പോഴും ഇനിയും മെച്ചപ്പെടാൻ പലതുമുണ്ട്."
Argentina national team coach Lionel Scaloni comments on October World Cup qualifiers. https://t.co/DhPLIqLaC2
— Roy Nemer (@RoyNemer) October 4, 2021
അഗ്യൂറോ, ഡിബാല എന്നിവർക്ക് പരിക്കു മൂലം സ്ഥിരമായി മത്സരങ്ങൾ നഷ്ടമാകുന്നതിൽ ആശങ്കയുണ്ടെന്നും സ്കലോണി പറഞ്ഞു. "സമയം പോയിക്കൊണ്ടിരിക്കെ അവർക്ക് മത്സരങ്ങൾ നൽകാൻ കഴിയാത്തത് എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാറ്റിലും ഉപരിയായി ഗ്രൂപ്പ് ഒന്നായി നിൽക്കുന്ന സമയത്ത് അതു വളരെ ബുദ്ധിമുട്ടാണ്. ഡിബാല, അഗ്യൂറോ എന്നിങ്ങനെ ഞങ്ങൾക്കു താൽപര്യമുള്ള താരങ്ങൾ ലഭ്യമാകുന്നത് സന്തോഷമാണ്. എന്നാൽ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്തിൽ അവർ ലഭ്യമല്ല. അതൊരു തിരിച്ചടിയാണ് എങ്കിലും സമാനമായതോ കൂടുതൽ മെച്ചപ്പെട്ടതോ ആയ പ്രകടനം നടത്താൻ കഴിയുന്ന താരങ്ങൾ ടീമിലുണ്ട്."
ഏവരും കാത്തിരുന്ന ഒന്നായതു കൊണ്ടു തന്നെ അർജന്റീനയുടെ കോപ്പ അമേരിക്ക വിജയം സന്തോഷം നൽകിയെങ്കിലും അത് ഒരു ദിവസത്തേക്കു മാത്രമേ തന്റെ മനസിലുണ്ടായിരുന്നുള്ളൂവെന്നും അതിനു ശേഷം എന്താണു വരാനിരിക്കുന്നത് എന്നതിനെ കുറിച്ചാണ് താൻ ചിന്തിച്ചതെന്നും സ്കലോണി പറഞ്ഞു. എന്നാൽ രണ്ടു കോപ്പ അമേരിക്ക, ഒരു ലോകകപ്പ് ഫൈനലുകളിൽ തോറ്റ ടീമിന്റെ ആരാധകർ കാത്തിരുന്ന വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും അതവർ അർഹിക്കുന്നുവെന്നും സ്കലോണി കൂട്ടിച്ചേർത്തു.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പാരഗ്വായ്, യുറുഗ്വായ്, പെറു എന്നീ ടീമുകളെയാണ് അർജന്റീന ഈ മാസം നേരിടുന്നത്. ഒക്ടോബർ എട്ടിനു പുലർച്ചെ 4.30നു പാരഗ്വായ്ക്കെതിരായ മത്സരം നടക്കുമ്പോൾ ഒക്ടോബർ 11, 15 തീയതികളിൽ രാവിലെ അഞ്ചു മണിക്കാണ് യുറുഗ്വായ്, പെറു എന്നിവർക്കെതിരായ മത്സരം.