സ്വന്തം ടീമിന്റെ വിജയത്തിനായി എന്തും ചെയ്യുമെന്നാണു മെസി കാണിച്ചു തന്നത്, അർജന്റീന പരിശീലകൻ സ്കലോണി പറയുന്നു


മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസി ഫ്രീകിക്ക് വാളിനടിയിൽ കിടന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ലെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ടീമിന്റ വിജയത്തിനായി എന്തു ചെയ്യാനും താരം തയ്യാറാണെന്നാണ് ആ സംഭവം തെളിയിച്ചതെന്നു പറഞ്ഞ സ്കലോണി, മെസിയെ പോച്ചട്ടിനോ സബ്സ്റ്റിറ്റ്യൂട് ചെയ്തതിനെ കുറിച്ചും താരത്തിന്റെ ആദ്യത്തെ പിഎസ്ജി ഗോളിനെക്കുറിച്ചുമെല്ലാം സംസാരിച്ചു.
"വിജയിക്കാനുള്ള ആഗ്രഹത്തെയാണ് അതു സൂചിപ്പിക്കുന്നത്. ഷൂട്ട് ചെയ്യാനാണെങ്കിലും പോസ്റ്റിലേക്ക് പോകാനാണെങ്കിലും അതങ്ങിനെ തന്നെയായിരിക്കും. വിജയിയാവാൻ ജനിച്ച അദ്ദേഹം ടീമിന്റെ വിജയത്തിനു വേണ്ടതെല്ലാം ചെയ്യും. മെസിയെന്താണൊ അതിനെ കൂടുതൽ വലുതാക്കുകയാണ് ഈ സംഭവം ചെയ്യുന്നത്. എല്ലാവരേക്കാൾ മികച്ചവൻ എന്നതിലപ്പുറം ഈ കുട്ടികൾക്കെല്ലാം ഒരു പാരമ്പര്യം താരം നൽകുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം താരത്തിന് വിജയം തുടരണം എന്നതാണ്," ടൈക് സ്പോർട്ടിനോട് സ്കലോണി പറഞ്ഞു.
Argentina coach Lionel Scaloni comments on the team, Lionel Messi, Angel Di Maria, tactics. https://t.co/GNDDdHkJZQ
— Roy Nemer (@RoyNemer) September 30, 2021
ലിയോണിനെതിരായ മത്സരത്തിൽ മെസിയെ പിൻവലിച്ച പോച്ചട്ടിനോയുടെ തീരുമാനത്തെക്കുറിച്ചും സ്കലോണി പ്രതികരിച്ചു. "പാരഗ്വായ്ക്കെതിരായ മത്സരത്തിൽ താരത്തെ ബെഞ്ചിലിരുത്തണം എന്നെനിക്ക് തോന്നിയിരുന്നു, പക്ഷെ ഞാൻ കളിപ്പിച്ചു. ഒരു കളിക്കാരനെ മുപ്പത്തിയഞ്ചു മിനുട്ടോളം റിസ്ക് ചെയ്യുന്നതിനേക്കാൾ നല്ലത് തുടക്കം മുതൽ തന്നെ പുറത്തിരുത്തുന്നതാണ്," സ്കലോണി അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മെസി നേടിയ ആദ്യ പിഎസ്ജി ഗോൾ ഗംഭീരമായിരുന്നുവെന്നും സ്കലോണി പറഞ്ഞു. അതിനു മുൻപ് പരിക്കേറ്റിരുന്ന മെസിക്ക് ഏതാനും ദിവസങ്ങൾ കളിക്കാൻ കഴിയില്ലെന്ന വിവരമാണ് തങ്ങൾക്കു ലഭിച്ചതെന്നും എന്നാൽ മത്സരം മികച്ച രീതിയിൽ താരം പൂർത്തിയാക്കിയെന്നും സ്കലോണി വെളിപ്പെടുത്തി. മത്സരത്തിൽ പിഎസ്ജി ടീം കാഴ്ച വെച്ച പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.