Football in Malayalam

ബ്രസീൽ ആവിഷ്ക്കരിച്ച തന്ത്രങ്ങളിൽ അവർ പലപ്പോഴും വിജയം നേടി, സമനിലയെക്കുറിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി

Sreejith N
Lionel Scaloni Press Conference
Lionel Scaloni Press Conference / Marcelo Endelli/GettyImages
facebooktwitterreddit

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില വഴങ്ങിയതിൽ പ്രതികരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. മത്സരം സമനിലയിലായെങ്കിലും അതിനു പിന്നാലെ ഇക്വഡോർ ചിലിയോട് വിജയം നേടിയതിനാൽ അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. അതിനു പുറമെ തങ്ങളുടെ അപരാജിത കുതിപ്പ് 27 മത്സരങ്ങളായി വർധിപ്പിക്കാനും അർജന്റീനക്കായി.

"ഇതു വളരെ മനോഹരവും നമ്മൾ സ്വപ്‌നം കണ്ടതുമാണ്. ഞങ്ങൾ അഭിമാനിക്കുന്നു, കളിക്കാരോട് നന്ദിയുള്ളവരുമാണ്. ബുദ്ധിമുട്ടു നിറഞ്ഞ സമയം വരുമ്പോൾ നമ്മൾ തയ്യാറായിരിക്കണം. ലോകകപ്പ് യോഗ്യത മത്സരങ്ങൾ ബുദ്ധിമുട്ടേറിയതാണെങ്കിലും അതിൽ കൈവരിച്ച നില മികച്ചതാണ്. ഈ രണ്ടു മത്സരങ്ങളിൽ നിന്നും ഞങ്ങൾ രണ്ടു ശക്തരായ എതിരാളികളിൽ നിന്നും നാലു പോയിന്റ് സ്വന്തമാക്കി. അതു ഞങ്ങളെ പക്വതയുള്ളവരാക്കിയിട്ടുണ്ട്," സ്‌കലോണി പറഞ്ഞു.

ബ്രസീലിനെതിരായ മത്സരത്തെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെയായിരുന്നു. "വളരെ കടുപ്പമുള്ള, ബുദ്ധിമുട്ടേറിയ മത്സരം ആയിരുന്നു ഇത്. അവർ അവരുടെ കളി കാഴ്‌ച വെക്കാനാണ് ഇവിടെ വന്നത്, ഞങ്ങളെ കളിക്കാൻ അനുവദിക്കാതിരിക്കുക എന്നതും അവരുടെ പദ്ധതിയായിരുന്നു, അതിലവർ പല സമയത്തും വിജയിക്കുകയും ചെയ്‌തു. ഞങ്ങൾ സാഹചര്യങ്ങളുമായി യോജിച്ചു പെരുമാറിയെന്നതാണ് ഇതിലെ അടിസ്ഥാനം. രണ്ടാം പകുതിയിൽ ഞങ്ങൾ കുറച്ചു കൂടി മികവു കാണിച്ചിരുന്നു," സ്‌കലോണി അഭിപ്രായപ്പെട്ടു.

യൂറോപ്യൻ ടീമുകളുമായി മത്സരങ്ങൾ കളിക്കാനുള്ള സാധ്യതയെ കുറിച്ച് സംസാരിച്ച സ്‌കലോണി അവർ ലാറ്റിനമേരിക്കയിലുള്ള ടീമുകളേക്കാൾ മേധാവിത്വം പുലർത്തുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. അവർ വ്യത്യസ്‌തരായിരിക്കാമെന്നും ഇപ്പോൾ അവരുമായി മത്സരം കളിക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീനിയൻ ടീമിന്റെ നിലവിലെ മികച്ച പ്രകടനത്തിനു പിന്നിൽ നിന്നും ശക്തി പകരുന്നത് യുവതാരങ്ങളാണെന്നും സ്‌കലോണി പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit