പരാഗ്വെ കളിക്കാൻ ബുദ്ധിമുട്ടുള്ള ടീം, പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള നിർണായക സൂചനകളും പുറത്ത് വിട്ട് സ്കലോണി

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ കളിച്ച അതേ ടീമിനെത്തന്നെയായിരിക്കും അടുത്ത ദിവസം പരാഗ്വക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും അർജന്റീന അണിനിരത്തുകയെന്ന് സൂചനകൾ നൽകി പരിശീലകൻ ലയണൽ സ്കലോണി. ടീം എങ്ങനെയായിരിക്കുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയ സ്കലോണി എന്നാൽ കോപ്പ ഫൈനലിൽ കളിച്ച ടീം തന്നെ ഈ മത്സരത്തിലും അണിനിരക്കാനാണ് 99 ശതമാനവും സാധ്യതയെന്ന് പറയുകയായിരുന്നു. താരങ്ങളുടെ ഫിറ്റ്നസ് അടിസ്ഥാനമാക്കി തങ്ങൾ ടീമിൽ ചെറിയ മാറ്റം വരുത്തിയേക്കാമെന്നും അർജന്റൈൻ ബോസ് ഇതിനൊപ്പം കൂട്ടിച്ചേർത്തു.
ഒരു ടീമെന്ന നിലയിൽ അർജന്റീന മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സ്കലോണി പറയുന്നു. വ്യക്തിഗതമായി മത്സരം നിർവചിക്കാൻ കഴിയുന്ന കളികാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ഇതിനൊപ്പം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ സംഘത്തിൽ താൻ സന്തുഷ്ടനാണെന്നും കൂട്ടിച്ചേർത്തു.
"ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി പ്രവർത്തിക്കുന്നു. വ്യക്തിഗത തലത്തിൽ മത്സരം നിർവചിക്കാൻ കഴിയുന്ന കളികാർ ഞങ്ങൾക്കൊപ്പമുണ്ടെന്ന് വ്യക്തമാണ്. ഞങ്ങൾ ഈ സംഘത്തിൽ സന്തുഷ്ടരാണ്. കളികാർ അവരുടെ ക്ലബ്ബുകളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഞങ്ങൾ എല്ലായ്പ്പോളും പരിഗണിക്കുന്നു." ലയണൽ സ്കലോണി
Argentina coach Lionel Scaloni comments on possible eleven, World Cup qualifiers. https://t.co/BybJqYKzKx
— Roy Nemer (@RoyNemer) October 6, 2021
അടുത്ത ദിവസം നടക്കാനിരിക്കുന്ന മത്സരത്തിൽ തങ്ങളുടെ എതിരാളികളായ പരാഗ്വെ ബുദ്ധിമുട്ടേറിയ ടീമാണെന്നും സംസാരത്തിനിടെ സ്കലോണി വ്യക്തമാക്കി. അവർ ഈ മത്സരത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് നമുക്ക് കാണാമെന്ന് പറയുന്ന അദ്ദേഹം അർജന്റീനയുടെ കളി രീതിയിൽ മാറ്റമൊന്നുമുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.
അതേ സമയം തുടർച്ചയായി 22 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അർജന്റീന പരാഗ്വെക്കെതിരായ മത്സരത്തിനെത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4.30 നാണ് ഈ മത്സരത്തിന്റെ കിക്കോഫ്. നേരത്തെ 2019 ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടേറ്റ തോൽവിക്ക് ശേഷം അർജന്റീന ഇതു വരെ പരാജയം അറിഞ്ഞിട്ടില്ല. സമീപകാലത്തായി ഉജ്ജ്വല ഫോമിലുള്ള അവർ ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്.