പാരഗ്വായ്ക്കെതിരെ അർജന്റീന സമനില വഴങ്ങിയതിൽ പ്രതികരണവുമായി സ്കലോണി


പാരഗ്വായ്ക്കെതിരെ ഇന്നു പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന സമനില വഴങ്ങിയതിനെ കുറിച്ച് പ്രതികരണവുമായി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. മത്സരത്തിൽ നിയന്ത്രണമുണ്ടായിരുന്ന അർജന്റീന നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. എങ്കിലും തങ്ങളുടെ അപരാജിത കുതിപ്പ് ഇരുപത്തിമൂന്നു മത്സരങ്ങളായി വർധിപ്പിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.
"ആദ്യപകുതി ഏറെക്കുറെ ഞങ്ങളുടേതായിരുന്നു എങ്കിലും രണ്ടാം പകുതി കുറേക്കൂടി തുല്യമായിരുന്നു. എങ്കിലും മത്സരത്തിൽ ഞങ്ങളാണ് മേധാവിത്വം പുലർത്തിയത്. പാരഗ്വായ് അടക്കമുള്ള വ്യത്യസ്തമായ സ്ഥലങ്ങളിൽ കളിക്കുന്നതിനിടെ ബുദ്ധിമുട്ടും താരങ്ങൾ അറിഞ്ഞു. എന്നാൽ ഞങ്ങളെ ശാന്തരാക്കി നിലനിർത്തുന്ന നല്ലൊരു ഫലമാണ് ലഭിച്ചത്. വളരെ വ്യക്തമായ അവസരങ്ങൾ ലഭിച്ചിട്ടും ഞങ്ങൾക്ക് ഗോൾ മാത്രം നേടാൻ കഴിഞ്ഞില്ല. എന്നാൽ ടീം ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറായില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം."
Argentina national team coach Lionel Scaloni comments on 0-0 draw. https://t.co/x2FGO3XrKm
— Roy Nemer (@RoyNemer) October 8, 2021
"വളരെ ബുദ്ധിമുട്ടേറിയ ഒരു എതിരാളിയായിരുന്നു, അവർ ഞങ്ങളുടെ ആക്രമണങ്ങളുടെ ശൈലിയനുസരിച്ച് കളിയുടെ രീതി മാറ്റിയിരുന്നു. എതിരാളികൾ വളരെ വ്യത്യസ്തമായാണ് കളിച്ചത്. അവർക്ക് അർജന്റീനക്കെതിരെ വിജയം നേടണമായിരുന്നു, അതു വീണ്ടും ഉണ്ടാകുമെന്നു നമ്മൾ മനസ്സിലാക്കേണ്ടതാണ്. ഞങ്ങൾ ഒരുപാട് പാസുകൾ ചെയ്ത് നിരവധി അവസരങ്ങളും സൃഷ്ടിച്ചു. മത്സരം കുറേക്കൂടി തുറന്നതായതു കൊണ്ട് വേഗതയേറിയ കളിയും ഞങ്ങൾ നടത്തി. ഫുട്ബോളിൽ ചിലപ്പോൾ നമുക്ക് മേധാവിത്വം ഉണ്ടെങ്കിലും ഫലം അനുകൂലമായിരിക്കില്ല." സ്കലോണി പറഞ്ഞു.
മത്സരത്തിൽ അക്യൂനയെ പിൻവലിച്ചത് പരിക്കിന്റെ ഭീഷണികൾ ഒഴിവാക്കാനാണെന്നു പറഞ്ഞ സ്കലോണി വേഗത കൂടുതൽ നൽകും എന്നതിനാലാണ് മോണ്ടിയലിനു പകരം മോളിനയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് എന്നും വ്യക്തമാക്കി. അതേസമയം ലൗടാരോ മാർട്ടിനസിനു പകരം മുന്നേറ്റനിരയിൽ ഇറങ്ങിയ ജൊവാക്വിൻ കൊറേയ ഗോൾ നേടിയില്ലെങ്കിലും എതിരാളികൾക്ക് അപകടം സൃഷ്ടിക്കാനും മികച്ച മത്സരം പൂർത്തിയാക്കാനും താരത്തിന് കഴിഞ്ഞുവെന്ന് സ്കലോണി അഭിപ്രായപ്പെട്ടു.