Football in Malayalam

അർജന്റീനയുടെ പ്രകടനം മോശമായിരുന്നു, മെസിയെ കളത്തിലിറക്കിയത് ബ്രസീലിനെതിരെ തയ്യാറെടുക്കാനെന്നും സ്‌കലോണി

Sreejith N
Lionel Scaloni Press Conference
Lionel Scaloni Press Conference / Daniel Jayo/GettyImages
facebooktwitterreddit

യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഡി മരിയ നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയെങ്കിലും അർജന്റീനയുടെ പ്രകടനം മോശമായിരുന്നുവെന്ന അഭിപ്രായം പ്രകടിപ്പിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. എന്നാൽ മോശം പ്രകടനത്തെക്കാൾ വിജയമാണ് കണക്കിലെടുക്കുകയെന്നും അതിൽ സന്തോഷമുണ്ടെന്നും പറഞ്ഞ പരിശീലകൻ മത്സരത്തിൽ മെസിയെ പകരക്കാരനായി ഇറക്കിയതിനെ പറ്റിയും സംസാരിച്ചു.

"പിഎസ്‌ജിയുടെ കഴിഞ്ഞ മത്സരങ്ങൾ നഷ്‌ടമായിട്ടാണ് വരുന്നത് എന്നതിനാൽ അദ്ദേഹത്തെ കളിപ്പിക്കില്ലെന്നാണ് ഞങ്ങൾ കരുതിയത്. രണ്ടാം പകുതിയിൽ താരത്തെ ഇറക്കിയത് കുറച്ച് സമയം മൈതാനത്ത് കിട്ടാനും ബ്രസീലിനെതിരെ നടക്കുന്ന മത്സരത്തിനു തയ്യാറെടുക്കാനുമാണ്." സ്‌കലോണി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ പറഞ്ഞു. മത്സരത്തിലെ വിജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

"യോഗ്യത നേടുന്നതിന് അരികിലെത്താനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. ചില സമയങ്ങളിൽ നമുക്ക് വിജയം കൂടിയേ തീരൂ. ഇന്നു ഞങ്ങൾക്കത് ലഭിച്ചു. തീർച്ചയായും ഞങ്ങൾ നല്ല രീതിയിൽ കളിച്ചില്ല, പക്ഷെ ഇതു കണക്കിലെടുക്കുന്നതാണ്. ലിസാൻഡ്രോ മാർട്ടിനസിനെ ഇറക്കി പ്രതിരോധത്തിൽ അഞ്ചു പേരെ അണിനിരത്താമായിരുന്നിട്ടും പലാസിയോസിനെ കളിപ്പിച്ച് സിസ്റ്റം നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ഗോൾ നേടുകയായിരുന്നു ലക്‌ഷ്യം, അവരും അതിനടുത്തെത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല."

ചില മത്സരങ്ങളിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാവുമെങ്കിലും ആ സമയത്ത് കളിയുമായി ഇണങ്ങിച്ചേരുകയാണ് വേണ്ടതെന്നും അതിവിടെ ഉണ്ടാക്കിയെന്നും സ്‌കലോണി പറഞ്ഞു. മികച്ച പ്രകടനം നടത്താതിരിക്കുന്ന സമയത്തും എതിരാളികൾക്കു മേൽ മാനസികമായ ആധിപത്യം പുലർത്താൻ തന്റെ കളിക്കാർക്ക് കഴിയുന്നുണ്ടെന്നും അവരുടെ പരിശീലകനായി തുടരുന്നതിൽ അഭിമാനമുണ്ടെന്നും സ്‌കലോണി പറഞ്ഞു.

facebooktwitterreddit