Football in Malayalam

അരങ്ങേറ്റം ഗംഭീരമാക്കിയ റൊമേറോക്ക് സ്കലോണിയുടെ പ്രശംസ, ചിലിക്കെതിരായ സമനിലയെക്കുറിച്ചും അർജന്റീന പരിശീലകൻ

Sreejith N
Argentina v Chile - FIFA World Cup 2022 Qatar Qualifier
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

ചിലിക്കെതിരെ അർജന്റീന സമനില വഴങ്ങിയ ലോകകപ്പ് യോഗ്യത മത്സരത്തിൽ ദേശീയ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച അറ്റലാന്റ പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേരോയുടെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ലയണൽ സ്കലോണി. ഇക്കഴിഞ്ഞ സീസണിൽ സീരി എയിലെ ഏറ്റവും മികച്ച ഡിഫെൻഡറായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിരണ്ടുകാരനായ താരം ദേശീയ ടീമിനൊപ്പം നൂറു മത്സരങ്ങൾ പൂർത്തിയാക്കിയതു പോലെയാണ് മത്സരത്തിൽ കളിച്ചതെന്ന് സ്കലോണി അഭിപ്രായപ്പെട്ടു.

"റൊമേരോയുടെ പ്രകടനത്തിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടില്ല. ദേശീയ ടീമിന് ഒരു മികച്ച സെന്റർ ബാക്കിനെ ലഭിച്ചുവെന്നു ഞാൻ മുൻപു പറഞ്ഞതും തെറ്റായിരുന്നില്ല. വളരെ സന്തോഷമുണ്ട്, അർജന്റീനിയൻ ടീമിന് വേണ്ടി നൂറു മത്സരങ്ങൾ കളിച്ചിട്ടുള്ളതു പോലെയായിരുന്നു താരത്തിന്റെ പ്രകടനം. ഏറ്റവും മികച്ച താരങ്ങളാണ് ദേശീയ ടീമിനു വേണ്ടി കളിക്കുകയെന്നു കൂടി ഞാൻ വ്യക്തമാക്കുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സ്കലോണി പറഞ്ഞു.

നാലോളം താരങ്ങൾ അരങ്ങേറ്റം കുറിച്ചത് അർജന്റീനയുടെ പ്രകടനത്തെ ബാധിക്കില്ലെന്നും സ്കലോണി പറഞ്ഞു. "ചില താരങ്ങൾ അരങ്ങേറ്റം കുറിച്ചത് ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ലെന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ടീം എല്ലായിപ്പോഴും അവരുടെ ശൈലിയിലൂന്നി ആക്രമിച്ചു കളിച്ച് നിരവധി അവസരങ്ങൾ തുറന്നെടുത്തു. സെക്കൻഡ് ഹാഫിൽ വ്യത്യസ്‌തമായി ഡീപ് ആയാണു ഞങ്ങൾ കളിച്ചത്. ഒരൊറ്റ മോശം കാര്യം അവർ ഒരു ഡെഡ് ബോൾ സാഹചര്യത്തിൽ ഗോൾ കണ്ടെത്തിയെന്നാണ്."

"ലോകകപ്പ് യോഗ്യത മത്സരങ്ങൾ വളരെയധികം സങ്കീർണവും, എതിരാളികൾ നേരിടാൻ ബുദ്ധിമുട്ടുള്ളവരുമാണ്. എല്ലായിപ്പോഴും വിജയത്തിനായി പൊരുതുന്ന ടീമാണ് ഞങ്ങളുടേതെന്ന തോന്നലാണ് മത്സരത്തിനു ശേഷം എനിക്കുണ്ടായത്. ഈ മത്സരഫലം കൊളംബിയക്കെതിരായ മത്സരത്തിനുള്ള ഞങ്ങളുടെ പദ്ധതികളിൽ യാതൊരു മാറ്റവും വരുത്തില്ല." സ്കലോണി വ്യക്തമാക്കി.

അരങ്ങേറ്റം നടത്തിയ മറ്റു താരങ്ങളായ നാഹുവൽ മൊളിന, ജൂലിയൻ അൽവാരസ് എന്നിവരെയും സ്കലോണി പ്രശംസിച്ചു. മൊളിനോയുടെ സാന്നിധ്യം വലതു വശത്തുകൂടി കൂടുതൽ ആക്രണമങ്ങൾ സൃഷ്‌ടിക്കുന്നുണ്ടെന്നു പറഞ്ഞ സ്കലോണി അൽവാരസ് ടീമിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന താരമാണെന്നു തെളിയിച്ചതായും അഭിപ്രായപ്പെട്ടു.

facebooktwitterreddit