Football in Malayalam

ലെവൻഡോസ്‌കി മൂന്നാം സ്ഥാനത്ത്, ഈ വർഷത്തെ ബാലൺ ഡി ഓർ ലയണൽ മെസിക്കു തന്നെയെന്നു റിപ്പോർട്ടുകൾ

Sreejith N
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris
Ballon D'Or Ceremony At Theatre Du Chatelet : Inside Ceremony In Paris / Kristy Sparow/GettyImages
facebooktwitterreddit

2021 വർഷത്തെ ബാലൺ ഡി ഓർ പ്രഖ്യാപനം തിങ്കളാഴ്‌ച നടക്കാനിരിക്കെ പിഎസ്‌ജി സൂപ്പർതാരമായ ലയണൽ മെസിയാണ് ഇത്തവണത്തെ പുരസ്‌കാരജേതാവെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമപ്രവർത്തകനായ ജോസെപ് പെഡ്രെറോളാണ് മെസി തന്നെയാണ് ഇത്തവണത്തെ പുരസ്‌കാരം നേടുകയെന്ന് വെളിപ്പെടുത്തിയത്. ഇതിനു പുറമെ യൂറോപ്പിലെ മറ്റു ചില ജേർണലിസ്റ്റുകളും സമാനമായ റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്.

അതേസമയം പുരസ്‌കാരം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബയേൺ മ്യൂണിക്ക് താരമായ റോബർട്ട് ലെവൻഡോസ്‌കി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും പെഡ്രെറോളിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും സീസണുകളിലായി അസാമാന്യ പ്രകടനം കാഴ്‌ച വെക്കുന്ന പോളിഷ് താരത്തെ പിന്നിലാക്കി റയൽ മാഡ്രിഡ് താരമായ കരിം ബെൻസിമയാണ് രണ്ടാം സ്ഥാനം നേടിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ജേർണലിസ്റ്റായ മാറ്റെ മൊറാട്ട മെസിക്കു തന്നെയാണ് ബാലൺ ഡി ഓർ പുരസ്‌കാരം എന്നും താരത്തിന്റെ സുഹൃത്തുക്കൾക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പെഡ്രെറോൾ കൂടി സമാനമായ കാര്യം റിപ്പോർട്ടു ചെയ്‌തതോടെ മെസി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ തിങ്കളാഴ്‌ച ഉയർത്താനുള്ള സാധ്യതയുണ്ടെന്നു തന്നെ വേണം കരുതാൻ.

ബാഴ്‌സലോണയെ കഴിഞ്ഞ സീസണിൽ വലിയ കിരീടങ്ങളിലേക്ക് നയിക്കാൻ കഴിഞ്ഞില്ലെങ്കിലും ലാ ലീഗയിലെ ടോപ് സ്കോററായ മെസി എട്ടാം തവണയും പിച്ചിച്ചി പുരസ്കാരം നേടിയിരുന്നു. ഇതിനു പുറമെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ടോപ് സ്‌കോറർ, ടോപ് അസിസ്റ്റ് മേക്കർ, ടോപ് പ്ലേയർ എന്നിവ നേടി കിരീടമുയർത്താനും കഴിഞ്ഞതാണ് മെസിയുടെ ബാലൺ ഡി ഓർ സാധ്യതകളെ വർധിപ്പിച്ചത്.

അതേസമയം ഈ സീസണിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന്റെ ഫോം മങ്ങിയതും എതിരാളികളായ ബെൻസിമ, ലെവൻഡോവ്‌സ്‌കി എന്നിവർ മാരകഫോമിൽ കളിക്കുന്നതും മെസിയുടെ സാധ്യതകളെ ദുർബലപ്പെടുത്തുന്നുണ്ട്. എന്നാൽ അതിനെ മറികടന്ന് പുരസ്‌കാരം നേടാൻ കഴിഞ്ഞാൽ ചരിത്രത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം തന്നെയായിരിക്കുമത്.


facebooktwitterreddit