ബാഴ്സയല്ലാതൊരു ക്ലബിനു വേണ്ടി ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ മെസി, പിഎസ്ജിയുടെ സാധ്യത ഇലവൻ അറിയാം


നിരവധി വർഷങ്ങൾ നീണ്ട ഫുട്ബോൾ കരിയറിൽ ആദ്യമായി ബാഴ്സലോണയല്ലാതെ മറ്റൊരു ക്ലബിനു വേണ്ടി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ കളത്തിലിറങ്ങാൻ ലയണൽ മെസി തയ്യാറെടുക്കുന്നു. ഇന്നു രാത്രി ബെൽജിയൻ ക്ലബായ ബ്രൂഗേക്ക് എതിരെയാണ് പിഎസ്ജിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരം മെസി കളിക്കുക.
ബാഴ്സലോണക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ 149 മത്സരങ്ങൾ കളിച്ച് 120 ഗോളുകളും 41 അസിസ്റ്റുകളും നാല് കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള മെസി സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് കാറ്റലൻ ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബിനു വേണ്ടി റെയിംസിനെതിരായ ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം അവർക്കൊപ്പം രണ്ടാമത്തെ മാത്രം മത്സരത്തിനു കൂടിയാണ് തയ്യാറെടുക്കുന്നത്.
Copa America winner with Argentina, Lionel Messi posted this on his Instagram as he will play his first match for PSG in the Champions League. pic.twitter.com/lX4TLfAxBs
— Roy Nemer (@RoyNemer) September 14, 2021
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുത്ത ലാറ്റിനമേരിക്കൻ താരങ്ങളെയെല്ലാം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുത്തിയ പിഎസ്ജി ഇന്നു രാത്രി നടക്കാനിരിക്കുന്ന കളിക്കുള്ള സ്ക്വാഡിൽ മെസി, നെയ്മർ തുടങ്ങിയ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പിഎസ്ജിക്കു വേണ്ടി ആദ്യമായി മെസി ഒരു മത്സരത്തിൽ ഇന്ന് സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിഎസ്ജിക്കു വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരത്തിൽ ഗോളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത മെസി ചാമ്പ്യൻസ് ലീഗിൽ തന്റെ 150ആമത്തെ മത്സരത്തിൽ വല കുലുക്കുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഹാട്രിക്ക് നേടിയ താരം തന്റെ ഫോം തെളിയിച്ചതിനു ശേഷമാണ് ഇന്നിറങ്ങുന്നത്.
ഫ്രഞ്ച് ലീഗിൽ ഇതുവരെ നടന്ന എല്ലാ മത്സരത്തിലും വിജയം നേടിയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിന് ഇറങ്ങുന്നത്. 2019ൽ ഇതേ ടീമിനെതിരെ അവസാനമായി കളിച്ചപ്പോൾ വിജയഗോൾ നേടിയത് ഇകാർഡി ആണെങ്കിലും ആരാധകർ കാത്തിരിക്കുന്ന നെയ്മർ, മെസി, എംബാപ്പെ സഖ്യമാകും ഇന്നു മുന്നേറ്റനിരയിൽ ഉണ്ടാകുക.
പിഎസ്ജി സാധ്യത ഇലവൻ:
ഗോൾകീപ്പർ: കെയ്ലർ നവാസ്
പ്രതിരോധനിര: അഷ്റഫ് ഹക്കിമി, തിലോ കെഹ്റർ, മാർക്വിന്യോസ്, നുനോ മെൻഡസ്
മധ്യനിര: ആൻഡർ ഹെരേര, വൈനാൽഡം, ഡാനിലോ പെരേര
മുന്നേറ്റനിര: ലയണൽ മെസി, നെയ്മർ, എംബാപ്പെ