Football in Malayalam

'ഫുട്ബോൾ നിയമങ്ങൾ അറിയില്ലെങ്കിൽ പറഞ്ഞു തരാം' ; എൽ ക്ലാസിക്കോയ്ക്കിടെ മെസിയോട് ചൂടായി റഫറി

Gokul Manthara
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images
facebooktwitterreddit

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിനെതിരെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിനിടെ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി, മത്സരം നിയന്ത്രിച്ചിരുന്ന ഗിൽ മൻസാനോയോട് വാഗ്വാദത്തിൽ ഏർപ്പെട്ടതായും, റഫറി അർജന്റൈൻ താരത്തിന് ചുട്ട മറുപടി നൽകിയതായും റിപ്പോർട്ടുകൾ. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നടന്ന ഈ സംഭവം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌ പ്രശസ്ത റേഡിയോ സ്റ്റേഷനായ സ്പോർട് എഫ് എം ആണ്.

റയൽ മാഡ്രിഡ് വിജയം നേടിയ എൽക്ലാസിക്കോ പോരാട്ടത്തിന്റെ എൺപത്തിനാലാം മിനുറ്റിൽ മാർട്ടിൻ ബ്രാത്ത്വൈറ്റിനെ, ഫെർലാൻഡ് മെൻഡി വീഴ്ത്തിയതിന് പെനാൽറ്റി ആവശ്യപ്പെട്ട് ബാഴ്സലോണ രംഗത്തെത്തിയിരുന്നെങ്കിലും, മത്സരം നിയന്ത്രിച്ചിരുന്ന ഗിൽ മൻസാനോ പെനാൽറ്റി ആവശ്യം നിഷേധിച്ചിരുന്നു‌. ഈ സമയം റഫറിക്ക് മുന്നിൽ പരാതിയുമായെത്തിയ ലയണൽ മെസി, കുറച്ച് ബഹുമാനം കാണിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മെസിയുടെ സംസാരം ഒട്ടും രസിക്കാതിരുന്ന റഫറിയാകട്ടെ, നിങ്ങൾക്ക് ഫുട്ബോളിന്റെ നിയമങ്ങൾ അറിയാമോയെന്നും, ഇല്ലെങ്കിൽ ഞാൻ അവ പിന്നീട് പറഞ്ഞു തരാമെന്നും മെസിക്ക് മറുപടി നൽകുകയായിരുന്നുവെന്ന് സ്പോർട് - എഫ് എം റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ഈ വർഷം ജനുവരിയിൽ അത്ലറ്റിക്ക് ബിൽബാവോക്കെതിരെ നടന്ന മത്സരത്തിൽ എതിർ താരത്തെ ഇടിച്ചതിന് മെസിക്ക് ചുവപ്പ് കാർഡ് നൽകിയ റഫറിയാണ് ഗിൽ മൻസാനോ എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.‌

അതേ‌ സമയം 2020-21 സീസൺ ലാലീഗയിലെ രണ്ടാം എൽ‌ ക്ലാസിക്കോ പോരാട്ടത്തിലും പരാജയമായിരുന്നു ബാഴ്സലോണയെ കാത്തിരുന്നത്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കരീം ബെൻസേമയും, ടോണി ക്രൂസും നേടിയ ഗോളുകളിൽ 2-1 നായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഓസ്കാർ മിൻഗ്വേസയായിരുന്നു മത്സരത്തിൽ കറ്റാലൻ ക്ലബ്ബിന്റെ ആശ്വാസ ഗോൾ‌ കണ്ടെത്തിയത്.

facebooktwitterreddit