Football in Malayalam

റൊണാൾഡോയെയല്ല, സ്വയം മറികടക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്ന് ലയണൽ മെസി

Sreejith N
Paris Saint-Germain v OGC Nice - Ligue 1
Paris Saint-Germain v OGC Nice - Ligue 1 / John Berry/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ റെക്കോർഡുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കുക തന്റെ ലക്ഷ്യമല്ലെന്ന് സൂപ്പർതാരം ലയണൽ മെസി. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിന്റെ ഭാഗമായി ഫ്രാൻസ് ഫുട്ബോളിനു നൽകിയ അഭിമുഖത്തിലാണ് മെസി റൊണാൾഡോയെപ്പറ്റി പരാമർശിച്ചത്. റൊണാൾഡോയെ മറികടക്കാനല്ല, മറിച്ച് സ്വയം മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്നും മെസി വ്യക്തമാക്കി.

റൊണാൾഡോയുടെ ഗോൾറെക്കോർഡ് മറികടക്കുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മെസിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "മറ്റുള്ളവർ എന്തു ചെയ്യുന്നുവെന്നു നോക്കിയിരിക്കുകയല്ല, മറിച്ച് എന്നെത്തന്നെ മറികടക്കുകയാണ് എനിക്കു വേണ്ടത്. ഒരേ ലീഗിൽ റൊണാൾഡോയുമായുള്ള പോരാട്ടം നിരവധി വർഷങ്ങൾ ഉണ്ടായിരുന്നു. അത് മനോഹരവും ഞങ്ങളുടെ രണ്ടു പേരുടെയും വളർച്ചക്ക് സഹായകരവുമായിരുന്നു."

"എന്നാൽ പരസ്‌പരം നോക്കിക്കൊണ്ടിരിക്കുന്നതിനു പകരം എനിക്കെന്നെ തന്നെ മറികടക്കുകയാണു വേണ്ടത്. എന്നാൽ കഴിയുന്ന ഏറ്റവും മികച്ചതു ചെയ്യണം, മറ്റുള്ളവരെക്കാൾ മികച്ചതാവുകയെന്നതല്ല എന്റെ ലക്ഷ്യം," മെസി പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം ലഭിക്കുന്നതിനെ പറ്റിയും മെസി പറഞ്ഞു.

"ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നു ഞാനൊരിക്കലും പറഞ്ഞിട്ടില്ല, ആ വിശേഷണം ലഭിക്കുന്നതിന് സമ്മർദ്ദം ചെലുത്തിയിട്ടുമില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന വിശേഷണം പലരിൽ നിന്നും ലഭിക്കുന്നതു തന്നെ എനിക്ക് വേണ്ടതിൽ കൂടുതലാണ്. ഞാനതേപ്പറ്റി ചിന്തിക്കുന്നില്ല, അതെന്റെ താത്പര്യമല്ല. ഞാൻ മികച്ചതാണോ അല്ലയോ എന്ന വിശേഷണം ഒന്നും മാറ്റാൻ പോകുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല." മെസി വ്യക്തമാക്കി.

ലയണൽ മെസിയായി ദൈനംദിന ജീവിതത്തിൽ തുടരുന്നത് ബുദ്ധിമുട്ടാണോയെന്ന ചോദ്യത്തിന് പലപ്പോഴും ആരാലും അറിയപ്പെടാതിരിക്കാനും കുടുംബവുമായി സമാധാനത്തോടെ ആസ്വദിക്കാനും ആഹ്രഹിക്കാറുണ്ടെന്ന് താരം മറുപടി നൽകി. എന്നാൽ തനിക്ക് സംഭവിച്ച കാര്യങ്ങളിലെല്ലാം സന്തോഷം മാത്രമേയുള്ളൂവെന്നും അതിൽ പരാതിയൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾക്കായി ഇൻസ്റ്റാഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit