Football in Malayalam

പിഎസ്‌ജി ചെയർമാന് അടുത്ത ബന്ധമുള്ള ഫ്രഞ്ച് ന്യൂസ് പേപ്പർ തനിക്കെതിരെ ഉയർത്തുന്ന വിമർശനങ്ങളിൽ അസ്വസ്ഥനായി മെസി

Sreejith N
Lionel Messi - Presentation at Paris Saint-Germain
Lionel Messi - Presentation at Paris Saint-Germain / Getty Images/GettyImages
facebooktwitterreddit

പിഎസ്‌ജിക്കൊപ്പം ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ തനിക്കെതിരെ ഉയർത്തുന്ന വിമർശനങ്ങളിൽ ലയണൽ മെസി വളരെ അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ. പിഎസ്‌ജി ചെയർമാനായ നാസർ അൽ ഖലൈഫിയുമായി ലെ പാരീസിയന്റെ നേതൃത്വം അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് മെസി കൂടുതൽ അസ്വസ്ഥനാകാൻ കാരണമെന്നാണു എൽ നാഷണൽ പുറത്തു വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സമീപകാലത്തു നടന്ന പല മത്സരങ്ങളിലും മെസി നടത്തുന്ന പ്രകടനത്തെ വിമർശിക്കുന്ന സമീപനമാണ് ലെ പാരീസിയൻ നടത്തുന്നത്. താരത്തിന്റെ പ്രകടനത്തിന്റെ റേറ്റിങ്ങും അവർ വളരെ കുറച്ചാണ് കൊടുക്കുന്നത്. അവർ തനിക്കു നൽകുന്ന റേറ്റിങ് യാഥാർഥ്യമല്ലെന്നും അത് തന്റെ ജനപ്രീതിയെ വളരെയധികം ബാധിക്കുന്നെണ്ടെന്നും മെസി കരുതുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മൊണാക്കോക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം പിഎസ്‌ജി നേടിയ മത്സരത്തിൽ ഒരു അസിസ്റ്റ് മെസിയുടെ വക ആയിരുന്നെങ്കിലും താരത്തിന് പത്തിൽ 4.5 മാത്രമാണ് ലെ പാരീസിയൻ നൽകിയ റേറ്റിങ്. ഏഴു തവണ ബാലൺ ഡി ഓർ നേടിയ താരത്തിൽ നിന്നും കൂടുതൽ കൃത്യത തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മെസി ഒരുപാട് ഈസി പാസുകൾ നഷ്ടപ്പെടുത്തി എന്നുമാണ് ഇതിനു കാരണമായി അവർ പറയുന്നത്.

ലെ പാരീസിയൻ തുടർച്ചയായി തനിക്കെതിരെ നടത്തുന്ന ഇത്തരം വിമർശനങ്ങൾ മെസിയെ പലപ്പോഴും ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിഎസ്‌ജി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന പത്രമാണ് ഇതെന്നത് മെസിക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ബാഴ്‌സലോണയിൽ മാധ്യമങ്ങളുമായി മെസി അടുത്ത ബന്ധവും പുലർത്തിയിരുന്നു.

ഈ സീസണിൽ മെസിയുടെ ഫോം മോശമാണെങ്കിലും നിരവധി വർഷങ്ങൾ ഒരേ ലീഗിൽ കളിച്ച് അപ്രതീക്ഷിതമായി അവിടം വിടേണ്ടി വന്നത് താരത്തെ ബാധിച്ചിരിക്കും എന്നത് വ്യക്തമായ കാര്യം തന്നെയാണ്. എന്നാൽ അതിനെ മറികടന്ന് മികച്ച പ്രകടനം നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കെ തുടർച്ചയായ വിമർശനങ്ങൾ വരുന്നത് താരത്തിന് അംഗീകരിക്കാൻ കഴിയുന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit