ലയണല്‍ മെസ്സി അടുത്ത സീസണിലും പി.എസ്.ജിയില്‍ 'തുടരും'

അര്‍ജന്റൈന്‍ താരം ലയണല്‍ പിഎസ്ജിയിൽ തുടരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് മെസ്സി പി.എസ്.ജിയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
പി.എസ്.ജിയിലെത്തി കിലിയന്‍ എംബാപ്പെക്കും നെയ്മര്‍ക്കും ഒപ്പം മെസ്സി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. എങ്കിലും, ഇതുവരെ പി.എസ്.ജിക്കായി എട്ട് ഗോളുകളും, 13 അസിസ്റ്റുകളും മെസ്സി നല്‍കിയിട്ടുണ്ട്.
ബാഴ്സലോണയിൽ 17 വർഷങ്ങൾ ചിലവഴിച്ച മെസ്സി കാറ്റലൻ ക്ലബ്ബിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് താരത്തിന്റെ മുൻ സഹതാരങ്ങൾ ഉൾപ്പെടെ സംസാരിച്ചിരുന്നു. ബാഴ്സലോണയുടെ വാതിലുകൾ മെസ്സിക്കായി എപ്പോഴും തുറന്നിരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ടയും ഏപ്രിൽ ആദ്യം പറഞ്ഞിരുന്നു.
ബാഴ്സലോണയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്കിടെ, മെസ്സി പിഎസ്ജിക്കൊപ്പം തുടരാനാണ് മെസ്സി താല്പര്യപ്പെടുന്നതെന്നാണ് മുണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ മെസ്സിയെ അമ്പരപ്പിച്ചുവെന്നും, ഈ സമ്മറില്‍ പിഎസ്ജി വിടുകയെന്ന ചിന്ത താരത്തിന്റെ മനസ്സില്‍ വന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പിഎസ്ജിയുമായി ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരം ഫ്രഞ്ച് ക്ലബുമായുള്ള തന്റെ കരാർ മാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുണ്ടോ ഡീപോർട്ടീവോയുടെ റിപ്പോർട്ടിൽ പറയുന്നു.