മെസ്സിക്ക് പരിക്ക്, പിഎസ്ജിയുടെ അടുത്ത മത്സരം താരത്തിന് നഷ്ടമാകും; സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ്

ഇടത് കാൽമുട്ടിനേറ്റ പ്രഹരം മൂലം പിഎസ്ജിയുടെ അടുത്ത മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി കളിക്കില്ല. ലീഗ് വണിൽ മെറ്റ്സിനെതിരെയുള്ള പിഎസ്ജിയുടെ എവേ മത്സരമാണ് അർജന്റീന താരത്തിന് നഷ്ടമാകുക.
ലിയോണിനെതിരെ 2-1ന്റെ വിജയം പിഎസ്ജി കരസ്ഥമാക്കിയ ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്ലബ് പരിശീലകൻ മൗറിസിയോ പോച്ചട്ടീനോ മെസ്സിയെ പിൻവലിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, മെസ്സിക്ക് പരിക്കേൽക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് താരത്തെ പിൻവലിച്ചതെന്നാണ് മത്സരശേഷം പോച്ചട്ടീനോ വ്യക്തമാക്കിയത്. പരിശീലകന്റെ തീരുമാനം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ.
മെസ്സിയുടെ ഇടത് കാലിനേറ്റ പ്രഹരത്തെ തുടർന്ന് നടത്തിയ എംആർഐ സ്കാനിൽ താരത്തിന്റെ അസ്ഥിക്ക് ചെറിയ തകരാർ ഉള്ളതിന്റെ ലക്ഷണങ്ങൾ കണ്ടെന്ന് പിഎസ്ജി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ ഒരു തുടർപരിശോധന ഉണ്ടാവുമെന്നും ഫ്രഞ്ച് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മെറ്റ്സിനെതിരെയുള്ള പിഎസ്ജിയുടെ ലീഗ് മത്സരം താരത്തിന് നഷ്ടമാകും.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മെസ്സി മൂന്ന് മത്സരങ്ങളിലാണ് ഫ്രഞ്ച് ക്ലബിന് വേണ്ടി ഇത് വരെ കളിച്ചിട്ടുള്ളത്. റീംസിനെതിരായ ലീഗ് 1 മത്സരത്തിൽ പകരക്കാരനായി കളത്തിലിറങ്ങി തന്റെ പിഎസ്ജി അരങ്ങേറ്റം കുറിച്ച താരം, ക്ലബ് ബ്രൂഗിന് എതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം, ലിയോണിനെതിരെയുള്ള ലീഗ് മത്സരം എന്നിവയിലാണ് ഇത് വരെ കളിച്ചിട്ടുള്ളത്.