പരുക്ക്, മെസ്സിക്ക് പി.എസ്.ജിയുടെ അടുത്ത മത്സരം നഷ്ടമാകും

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലണയല്‍ മെസ്സിക്ക് പി.എസ്.ജിയുടെ അടുത്ത മത്സരം നഷ്ടമാകും. കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് മത്സരം നഷ്ടമാവുക.
അക്കില്ലസ് ടെന്‍ഡണിന് പരുക്കേറ്റ മെസ്സിക്ക് ആംഗേഴ്സിനെതിരായ അടുത്ത ലീഗ് മത്സരമാണ് നഷ്ടമാകുക. 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ക്ലബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
ബാഴ്സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയതിന് ശേഷം മെസ്സിക്ക് നഷ്ടമാകുന്ന 11മത്തെ മത്സരമാകും ആംഗേഴ്സിനെതിരേയുള്ളത്. കഴിഞ്ഞ മാസം മൊണോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട മത്സരത്തിലും മെസ്സി പി.എസ്.ജിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നില്ല.
സസ്പെന്ഷന് കാരണം നെയ്മര്‍ക്കും അടുത്ത മത്സരം നഷ്ടമാകും. രണ്ട് പ്രധാന മുന്നേറ്റ താരങ്ങളുടെ അഭാവത്തില്‍ കിലിയന്‍ എംബാപ്പെ, മൗറോ ഇക്കാര്‍ഡി, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്താനായിരിക്കും പരിശീലകന് മൗറീസിയൊ പൊച്ചറ്റീനോയുടെ നീക്കം.
സീസണില്‍ 29 മത്സരങ്ങളാണ് മെസ്സി ഇതുവരെ പി.എസ്.ജിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് എട്ട് ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.