ലയണൽ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു, റീംസിനെതിരെ താരം ഇറങ്ങുമെന്നു സ്ഥിരീകരിച്ച് പോച്ചട്ടിനോ


ഒരു മാസത്തെ ഇടവേളക്കു ശേഷം അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. റീംസുമായി ഇന്നു രാത്രി നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ താരം കളിക്കുമെന്ന് പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ തന്നെയാണ് സ്ഥിരീകരിച്ചത്.
ക്രിസ്മസിനു മുൻപാണ് പിഎസ്ജിക്കു വേണ്ടി ലയണൽ മെസി അവസാനമായി ഒരു മത്സരം കളിച്ചത്. അതിനു ശേഷമുള്ള അവധിദിവസങ്ങളിൽ അർജന്റീനയിൽ വെച്ച് കോവിഡ് ബാധിതനായതാണ് താരത്തിന്റെ തിരിച്ചുവരവ് വൈകാൻ കാരണമായത്. ഇക്കാലയളവിൽ മൂന്നു മത്സരങ്ങൾ മെസിക്ക് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
#Ligue1
— TOI Sports (@toisports) January 22, 2022
Messi back in @PSG_English squad, Mbappe fit for Reims game
Read: https://t.co/BC36YhU1mu pic.twitter.com/MEVhjW08eZ
"ലയണൽ മെസി നല്ല രീതിയിൽ പരിശീലനം നടത്തിയിട്ടുണ്ട്. താരത്തിന്റെ പുരോഗമനത്തിൽ ഞങ്ങൾക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടാകും. ടീമിനൊപ്പം ഇല്ലാതിരുന്ന താരങ്ങൾ പതിയെ തിരിച്ചു വരുന്നത് നല്ലൊരു വാർത്തയാണ്." മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കേ പോച്ചട്ടിനോ പറഞ്ഞു.
ഒരു മാസത്തോളമായി കളിക്കളത്തിൽ നിന്നും വിട്ടു നിന്നതിനാൽ തന്നെ മെസി പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഉണ്ടാകാനുള്ള സാധ്യതയില്ല. നിലവിൽ പിഎസ്ജി രണ്ടാം സ്ഥാനക്കാരേക്കാൾ പതിനൊന്നു പോയിന്റ് മുന്നിലാണെങ്കിലും ലീഗിൽ ഒരു ഗോൾ മാത്രം നേടിയിട്ടുള്ള അർജന്റീനിയൻ താരത്തിന് സീസണിന്റെ രണ്ടാം പകുതിയിൽ തന്റെ മികച്ച പ്രകടനം കാണിക്കേണ്ടത് അനിവാര്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.