Football in Malayalam

ബാഴ്സലോണ വിടുന്ന ലയണൽ മെസി ചേക്കേറാൻ സാധ്യതയുള്ള 3 ക്ലബ്ബുകൾ

Lionel Messi potential destinations are limited as only few clubs could afford the Argentina, who Barcelona announced is not staying at the club.
Lionel Messi potential destinations are limited as only few clubs could afford the Argentina, who Barcelona announced is not staying at the club. / Quality Sport Images/Getty Images
facebooktwitterreddit

ജൂൺ മാസാവസാനത്തോടെ എഫ് സി ബാഴ്സലോണയുയുമായുള്ള കരാർ അവസാനിച്ച അർജന്റൈൻ നായകൻ ലയണൽ മെസി, ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെക്കില്ലെന്ന കാര്യം ഇന്നലെ വൈകിട്ടാണ് വ്യക്തമായത്. കറ്റാലൻ ക്ലബ്ബ് തന്നെയായിരുന്നു ഔദ്യോഗിക പ്രസ്താവനയിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ബാഴ്സലോണയുടെ ഐക്കണായിരുന്ന മെസി ഇനി അവിടെയുണ്ടാകില്ലെന്ന‌ വസ്തുത ആരാധകർക്ക് സമ്മാനിക്കുന്ന നിരാശ ചെറുതല്ല.

ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച് ജൂലൈ മുതൽ ഫ്രീ ഏജന്റായ മെസി, ക്ലബ്ബുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കാൻ ധാരണയിലെത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു‌. എന്നാൽ സാമ്പത്തികപരവും, ഘടനാപരവുമായ ചില തടസങ്ങൾ മൂലം താരവുമായുള്ള കരാർ സംഭവിക്കില്ലെന്ന് ബാഴ്സലോണ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുകയായിരുന്നു‌. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടലിലാഴ്ത്തിക്കൊണ്ട് ബാഴ്സലോണ വിടുന്ന മെസിയുടെ അടുത്ത തട്ടകം ഏതായിരിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ മെസി ചേക്കേറാൻ സാധ്യതയുള്ള മൂന്ന് ക്ലബ്ബുകൾ ഏതൊക്കെയെന്ന് പരിശോധിക്കുകയാണ് 90 Min.

3. ചെൽസി

Lionel Andres Messi, N'Golo Kante, Antonio Rudiger
FC Barcelona v Chelsea FC - UEFA Champions League Round of 16: Second Leg / Power Sport Images/Getty Images

ബാഴ്സലോണ വിടുന്ന ലയണൽ മെസി ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബുകളിൽ മുൻ പന്തിയിൽത്തന്നെ ചെൽസിയുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ മെസിയുടെ ഉയർന്ന പ്രതിഫലം താങ്ങാൻ കെൽപ്പുള്ള വളരെ കുറച്ച് ക്ലബ്ബുകളേയുള്ളൂ. അതിലൊന്ന് നീലപ്പടയാണ്. സമീപകാലത്ത്‌ ട്രാൻസ്ഫർ മാർക്കറ്റുകളിൽ പണം വാരിയെറിയുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലാത്ത ചെൽസി, മെസിക്കായി ഒരു ശ്രമം നടത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.‌

2. പി എസ് ജി

Lionel Messi
FC Barcelona v Paris Saint-Germain - UEFA Champions League Round Of 16 Leg One / David Ramos/Getty Images

സൂപ്പർ താരങ്ങൾക്കായി പണം മുടക്കാൻ യാതൊരു മടിയും കാണിക്കാത്ത ക്ലബ്ബാണ് പാരീസ് സെന്റ് ജെർമ്മൻ. മെസിയെ സ്വന്തമാക്കാനുള്ള താല്പര്യം പലകുറി പരസ്യമാക്കിയിട്ടുള്ള അവർ, താരം ബാഴ്സലോണയിൽ തുടരില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ വീ‌ണ്ടും അദ്ദേഹത്തിനായി അരയും തലയും മുറുക്കി രംഗത്തെത്തും. മെസിയെ സ്വന്തമാക്കാൻ പണം ഒരു തരത്തിലും പി എസ് ജിക്ക് പ്രശ്നമാകില്ല. അർജന്റൈൻ നായകനെ ടീമിലെത്തിക്കാനായാൽ ചാമ്പ്യൻസ് ലീഗെന്ന തങ്ങളുടെ ഏറ്റവും വലിയ സ്വപ്നത്തിലേക്കുള്ള യാത്ര കുറച്ച് കൂടി സുഗമമാക്കാൻ പി എസ് ജിക്ക് കഴിയുമെന്നതിനൊപ്പം നെയ്മറും, മെസിയും വീണ്ടും ഒരുമിച്ച് പന്തു തട്ടുന്നത് കാണാൻ ആരാധകർക്ക് അവസരവുമൊരുങ്ങും.

1. മാഞ്ചസ്റ്റർ സിറ്റി

Lionel Messi
Manchester City FC v FC Barcelona - UEFA Champions League / Shaun Botterill/Getty Images

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മെസിയെ സ്വന്തമാക്കാൻ രണ്ടും കൽപ്പിച്ച് രംഗത്തുണ്ടായിരുന്ന ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി. എന്നാൽ മെസി കറ്റാലൻ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചതിനാൽ സിറ്റിയുടെ നീക്കങ്ങൾ ഫലപ്രാപ്തിയിലെത്താതെ അവസാനിക്കുകയായിരുന്നു. എന്നാൽ മെസി ഇക്കുറി ഫ്രീ ഏജന്റാവുകയും, ബാഴ്സലോണയിൽ തുടരില്ലെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനായി വീണ്ടും സിറ്റി ശ്രമങ്ങൾ നടത്തുമെന്ന കാര്യം ഉറപ്പ്. പെപ് ഗ്വാർഡിയോള പരിശീലകനായുള്ളത് മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുമുണ്ട്.‌ വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit