Football in Malayalam

ബാഴ്സലോണയിൽ തുടരാൻ തയ്യാറെടുത്ത് മെസി;ഇതിനായി ആദ്യ ചുവട് വെച്ചതായി സൂചന

Gokul Manthara
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ഈ വർഷം ജൂണിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി, പുതിയ കരാറിൽ ഒപ്പുവെച്ച് ക്ലബ്ബിൽ തുടർന്നേക്കുമെന്നുള്ള സൂചനകൾ ശക്തമായി. കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ പ്രസിഡന്റായ ജോവാൻ ലപ്പോർട്ടയുമായി കൂടിക്കാഴ്ച നടത്തിയ മെസിയുടെ പിതാവ് ജോർജ് മെൻഡിസ്, താരം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെയാണ് കഴിഞ്ഞ സമ്മറിൽ ക്ലബ്ബ് വിടുന്നതിന്റെ വക്കിലെത്തിയ മെസി പുതിയ കരാറിൽ ഒപ്പുവെച്ച് ഇക്കുറി ബാഴ്സയിൽ തുടരാൻ ഒരുങ്ങുകയാണെന്ന സൂചനകൾ ശക്തമായത്.

ഈ വർഷം കരാർ അവസാനിക്കുന്നതോടെ മെസി ക്ലബ്ബ് വിടുമെന്നായിരുന്നു സീസണാദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ തന്റെ‌ ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ ക്ലബ്ബിൽ തുടരാമെന്നുള്ള നിലപാട് മെസി കൈക്കൊണ്ടതായി ഈ വർഷമാദ്യം വാർത്തകൾ പുറത്ത് വന്നു. ഇതിൽ ആദ്യത്തേത് ടീമിന്റെ റിക്രൂട്ട്മെന്റ് സ്ട്രാറ്റജിയിൽ മാറ്റം വരുത്തണമെന്നതും, രണ്ടാമത്തേത് യൂത്ത് ഡെവലപ്പ്മെന്റിന് പ്രാധാന്യം നൽകണമെന്നതുമായിരുന്നു. ഇക്കാര്യങ്ങളിൽ ബാഴ്സലോണ ബോർഡ് പച്ചക്കൊടി വീശിയെന്നാണ് സൂചനകൾ.

ക്ലബ്ബിൽ തുടരാൻ മെസിയുടെ നിബന്ധനകൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന്റെ പിതാവ്, ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ടയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയതായാണ് കരുതപ്പെടുന്നത്.‌ മെസിയുടെ പിതാവ് ലപ്പോർട്ടയുമായി ചർച്ച നടത്തിയെന്നും, താരം കറ്റാലൻ ക്ലബ്ബിൽ തുടരാൻ തന്നെയാണ് സാധ്യതയെന്നുമുള്ള റിപ്പോർട്ട് പ്രശസ്ത‌ സ്പാനിഷ്‌ ടിവി സ്റ്റേഷനായ ആർ ടി വി ഇ‌യാണ് പുറത്ത് വിട്ടിരിക്കുന്നത്.

അതേ‌ സമയം മെസി ബാഴ്സലോണയിൽ തുടരാൻ തീരുമാനിച്ചാലും തന്റെ പ്രതിഫലം അദ്ദേഹത്തിന് വെട്ടിക്കുറക്കേണ്ടി‌ വരുമെന്നാണ് സൂചനകൾ. നിലവിൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരങ്ങളിലൊരാളാണെങ്കിലും ബാഴ്സലോണയുടെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ മെസിയുടെ ശമ്പളത്തിൽ‌10-20 ശതമാനം വരെ കുറവുണ്ടാകാനാണ് സാധ്യതകൾ.

facebooktwitterreddit