Football in Malayalam

അമേരിക്കയിലും മെസിക്ക് രക്ഷയില്ല, അവധിക്കാലം ആഘോഷിക്കാനെത്തിയ താരത്തെ വളഞ്ഞ് ആരാധകർ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

അർജന്റീനയുടെ കോപ്പ അമേരിക്ക വിജയം ദേശീയ ടീമിനൊപ്പമുള്ള മെസിയുടെ ആദ്യത്തെ കിരീടനേട്ടം കൂടിയായിരുന്നു. ലോകമെമ്പാടുമുള്ള മെസി, അർജന്റീന ആരാധകർ അത് ആഘോഷമാക്കി കൊണ്ടാടുകയും ചെയ്‌തു. എന്നാൽ കിരീടവിജയം നേടി ഒരാഴ്‌ചയാവാറായിട്ടും ആരാധകരുടെ ആവേശത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

കോപ്പ അമേരിക്ക വിജയത്തിനു ശേഷം അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിലെ മിയാമിയിലേക്കു പോയ മെസിയെ ആരാധകർ വളഞ്ഞ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാകുന്നത്. മിയാമിയിലെ ഒരു കഫെയിലേക്കു പോയ മെസി അവിടെ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആരാധകർ താരത്തിനോട് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്.

മിയാമി ബീച്ചിലെ കഫെ റെഗാസിയിൽ മെസിയുണ്ടെന്ന വാർത്ത പടർന്നതോടെ നൂറു കണക്കിന് ആരാധകരാണ് തങ്ങളുടെ ഇഷ്ടതാരത്തെ കാണാൻ തടിച്ചു കൂടിയത്. അർജന്റീനയെ ചാമ്പ്യനാക്കിയതിനു മെസിയോട് നന്ദി പറഞ്ഞും മെസി ചാമ്പ്യനാണെന്നും മുദ്രാവാക്യങ്ങൾ വിളിച്ച ആരാധകർക്കിടയിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരാണ് മെസിയെ പുറത്തേക്കെത്തിച്ചത്.

അതേസമയം സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ഈ വീഡിയോക്കു കീഴിൽ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ആരാധകർ പങ്കു വെക്കുന്നുണ്ട്. മെസിയെ കാണാനെത്തിയ ജനങ്ങളിൽ വളരെ കുറച്ചു പേർ മാത്രമേ മാസ്‌ക് ധരിച്ചിട്ടുള്ളൂവെന്നും ക്ലബ് സീസൺ ആരംഭിക്കാനിരിക്കെ ഇതു മെസിയുടെ ആരോഗ്യസ്ഥിതിയെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.

അതേസമയം മിയാമിയിലേക്കുള്ള മെസിയുടെ യാത്രയെ സംബന്ധിച്ച് ട്രാൻസ്‌ഫർ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ബാഴ്‌സലോണ കരിയർ അവസാനിച്ചാൽ മെസി ചേക്കേറുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്, ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയാണ്. മെസിയുടെ സന്ദർശനം ഇതുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു എന്നാണു ആരാധകരിൽ ഒരു വിഭാഗം വിശ്വസിക്കുന്നത്.


facebooktwitterreddit