Football in Malayalam

ബ്രസീലിനെ കളിയാക്കി പാട്ടു പാടാനൊരുങ്ങിയ ഡി പോളിനെ തടഞ്ഞ് മെസി, ഇതാണ് ഞങ്ങളുടെ നായകനെന്ന് ആരാധകർ

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ബ്രസീലിനെതിരെ നടന്ന കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ വിജയം നേടി ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ഒരു കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ബ്രസീലിനെ കളിയാക്കി പാട്ടു പാടാനൊരുങ്ങിയ അർജന്റീന താരം റോഡ്രിഗോ ഡി പോളിനെ തടഞ്ഞ് മെസി. മത്സരത്തിന്റെ വിജയാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് കളത്തിൽ എതിരാളികളാണെങ്കിലും അതിനപ്പുറത്തേക്ക് അവരെ അപമാനിക്കാനല്ല യാതൊരു പാടില്ലെന്ന രീതിയിലുള്ള ഇടപെടൽ മെസി നടത്തിയത്.

മത്സരത്തിന്റെ വിജയാഘോഷത്തിൽ എല്ലാവരും പാട്ടു പാടി തുള്ളിച്ചാടുന്നതിനിടെയാണ് റോഡ്രിഗോ ഡി പോൾ ബ്രസീലിനെ പരാമർശിക്കുന്ന പാട്ട് പാടുന്നതിനായി ഒരുങ്ങിയത്. ആദ്യത്തെ രണ്ടു വരികൾ പാടിയപ്പോൾ തന്നെ അത്ര നേരം സന്തോഷിച്ചിരുന്ന മെസിയുടെ മുഖം മാറുകയും താരം ഡി പോളിനെ വിലക്കുകയും ചെയ്‌തു. മെസിക്കൊപ്പം ഉണ്ടായിരുന്ന അഗ്യൂറോയും അർജന്റീന മധ്യനിര താരത്തെ പാട്ടു പാടുന്നതിൽ നിന്നും വിലക്കി.

ഒരു നായകനെന്ന നിലയിൽ മെസിയുടെ പ്രവൃത്തിക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എതിരാളികൾ എന്നത് കളിക്കളത്തിൽ മാത്രമാണെന്നും അതിലുപരിയായി അവരെ കളിയാക്കുന്നത് മര്യാദയല്ലെന്നുമുള്ള സന്ദേശം തന്നെയാണ് ഇതിലൂടെ മെസി നൽകുന്നത്. ബ്രസീലിയൻ താരങ്ങളോട് മെസിക്ക് മികച്ച ബന്ധമുള്ളതും ഇതിനു കാരണമായിട്ടുണ്ടാകാം.

ഇത്തവണ മെസി കോപ്പ അമേരിക്ക കിരീടം നേടാൻ ആഗ്രഹിച്ചവരിൽ ഒരു വിഭാഗം ബ്രസീലിയൻ ആരാധകരും ഉണ്ടായിരുന്നു എന്നത് ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്. മത്സരത്തിനു മുൻപ് ഇതിനെതിരെ നെയ്‌മർ രംഗത്തു വരികയും ചെയ്‌തിരുന്നു. എന്നാൽ മത്സരത്തിനു ശേഷം വളരെ മനസോടെയാണ് നെയ്‌മർ മെസിയെ കിരീടനേട്ടത്തിൽ അഭിനന്ദിച്ചത്.

facebooktwitterreddit