Lionel Messi

മുപ്പത്തിയഞ്ചാം ജന്മദിനത്തിന് ആശംസകൾ നേർന്നവർക്കു നന്ദിയറിയിച്ച് ലയണൽ മെസി

Sreejith N
Messi Send Message To Fans After 35th Birthday
Messi Send Message To Fans After 35th Birthday / Juan Manuel Serrano Arce/GettyImages
facebooktwitterreddit

തന്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദിയറിയിച്ച് അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി. ജൂൺ 24ന് തന്റെ ജന്മദിനം ആഘോഷിച്ച മെസി ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് ആശംസാസന്ദേശവുമായി എത്തിയവർക്ക് നന്ദിയും ആശംസകളും നേർന്നത്.

കരിയറിന്റെ ഭൂരിഭാഗവും ബാഴ്‌സലോണക്കു വേണ്ടി കളിച്ച് കഴിഞ്ഞ സമ്മറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസി പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു ക്ലബിന്റെ താരമായി ജന്മദിനം ആഘോഷിക്കുന്നത്.

ഒൻപതാം വയസിൽ കണ്ടുമുട്ടി പിന്നീടു ജീവിതപങ്കാളിയായി മാറിയ അന്റോനല്ല റോക്കൂസൊക്കൊപ്പമാണ് മെസി ജന്മദിനം ആഘോഷിച്ചത്. ഇതിന്റ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌ത താരം അതിനൊപ്പം "എല്ലാ സന്ദേശങ്ങൾക്കും നന്ദി, അഭിനന്ദനം, എല്ലാവർക്കുമെന്റെ ആലിംഗനം" എന്നു കുറിക്കുകയും ചെയ്‌തു.

മുപ്പത്തിയഞ്ചുകാരനായ മെസിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സീസണാണ് വരാൻ പോകുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്കൊപ്പം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരത്തിന് വരുന്ന സീസണിൽ അതിന്റെ കുറവ് നികത്തിയെ മതിയാവൂ. അതിനു പുറമെ അർജന്റീനക്കൊപ്പം ലോകകപ്പിനായി പൊരുതുകയെന്ന ലക്ഷ്യവും മെസിക്കുണ്ട്.

കഴിഞ്ഞ സീസണിൽ പതറിയെങ്കിലും വരുന്ന സീസൺ കൂടുതൽ മികച്ചതാവുമെന്ന ഉറപ്പ് മെസി ആരാധകർക്ക് നേരത്തെ തന്നെ നൽകിയിരുന്നു. അർജന്റീനക്കു വേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ മെസി മികച്ച പ്രകടനം നടത്തിയതോടെ അടുത്ത സീസണു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit