Football in Malayalam

പിഎസ്‌ജിയുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് വിജയമാണ്, പ്രീ ക്വാർട്ടർ നറുക്കെടുപ്പിനു ശേഷം പ്രതികരണവുമായി ലയണൽ മെസി

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

വിവാദമുയർത്തിയ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് ആദ്യം കഴിഞ്ഞപ്പോൾ പിഎസ്‌ജിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു എതിരാളികൾ. ഒരിക്കൽ കൂടി മെസി- റൊണാൾഡോ പോരാട്ടം കാത്തിരുന്നവരെ നിരാശരാക്കി നറുക്കെടുപ്പിൽ സംഭവിച്ച പാകപ്പിഴകളെത്തുടർന്ന് വീണ്ടും ഡ്രോ നടത്തിയപ്പോൾ റയൽ മാഡ്രിഡിനെയാണ് ഫ്രഞ്ച് ക്ലബിന് എതിരാളികളായി ലഭിച്ചത്.

അതേസമയം എതിരാളികൾ ആരായിരുന്നാലും ചാമ്പ്യൻസ് ലീഗ് കിരീടമാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്നാണ് ടീമിലെ സൂപ്പർതാരം ലയണൽ മെസി പറയുന്നത്. കഴിഞ്ഞ ദിവസം ദുബായ് എക്സ്പോ 2020നോട് സംസാരിക്കുമ്പോൾ വളരെക്കാലം ബാഴ്‌സലോണയിൽ കളിച്ചതിനു ശേഷം പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള മാറ്റത്തെക്കുറിച്ചും ലയണൽ മെസി വെളിപ്പെടുത്തി.

"ചാമ്പ്യൻസ് ലീഗ് വിജയിക്കുകയെന്നതാണ് പിഎസ്‌ജിയുടെ ലക്ഷ്യം, എല്ലാവരുടെയും ലക്ഷ്യം അതു തന്നെയാണ്. ഈ ടീം മുൻപ് അതിനരികിൽ എത്തിയിട്ടുണ്ടായിരുന്നു. എല്ലാ ടീമുകൾക്കും അതു പ്രധാനപ്പെട്ട ടൂർണമെന്റാണ്. വിജയം നേടാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും." ലയണൽ മെസി പറഞ്ഞു. പിഎസ്‌ജിയിലേക്ക് വന്നപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചും താരം സംസാരിച്ചു.

"ഒരുപാട് കാലം ഒരേ സ്ഥലത്തു തന്നെ തുടർന്നതിനു ശേഷം വലിയൊരു മാറ്റം ഉണ്ടായിയെന്നതു കൊണ്ടു തന്നെ അത് എളുപ്പമായിരുന്നില്ല. എന്നാൽ മനോഹരമായ ഈ നഗരത്തിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലും ഞങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട്." മെസി വ്യക്തമാക്കി.

കോപ്പ ഡി ഫ്രാൻസിൽ ഫെയ്‌ഗനീസിനെതിരെയാണ് പിഎസ്‌ജി അടുത്ത മത്സരം കളിക്കുന്നത്. ഫ്രഞ്ച് ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തിന് ഭീഷണിയൊന്നുമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് മത്സരം വരുമ്പോഴേക്കും ടീമിനെ കെട്ടുറപ്പുള്ളതാക്കി മാറ്റാൻ പിഎസ്‌ജിക്ക് കഴിഞ്ഞില്ലെങ്കിൽ റയൽ മാഡ്രിഡിന് എതിരെയുള്ള മത്സരം കടുപ്പം തന്നെയായിരിക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit