ബാലൺ ഡി ഓർ വിജയിക്കാൻ അർഹൻ കരിം ബെൻസിമയെന്ന് ലയണൽ മെസ്സി

ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ റയൽ മാഡ്രിഡ് മുന്നേറ്റനിര താരം കരിം ബെൻസിമ അർഹനാണെന്ന് ലയണൽ മെസ്സി. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.
"അക്കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് എനിക്ക് തോന്നുന്നു. ബെൻസിമക്ക് ഒരു ഗംഭീര വർഷമായിരുന്നു. റൗണ്ട് ഓഫ് 16 മുതലുള്ള മത്സരങ്ങളിൽ അവൻ നിർണായകമായിരുന്നു. ഈ വർഷം അക്കാര്യത്തിൽ സംശയമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു," ബാലൺ ഡി ഓർ നേടാൻ ബെൻസിമ അർഹനാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെസ്സി പറഞ്ഞു.
ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാ ലീഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ചതിൽ നിർണായക പങ്ക് വഹിച്ച ബെൻസിമക്ക് തന്നെയാണ് അടുത്ത ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. സീസണിൽ റയലിനായി 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് ഫ്രഞ്ച് സൂപ്പർതാരം നേടിയത്. ഇതിൽ 27 എണ്ണം ലാലീഗയിലും, 15 എണ്ണം ചാമ്പ്യൻസ് ലീഗിലുമാണ് താരം കരസ്ഥമാക്കിയത്.
അതേ സമയം, ലയണൽ മെസ്സിയെ സംബന്ധിച്ച് താരതമ്യേന പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന 2021/22ലേത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസ്സി, സീസണിൽ 34 മത്സരങ്ങളിലാണ് ഫ്രഞ്ച് വമ്പൻമാർക്ക് വേണ്ടി ബൂട്ടണിഞ്ഞത്. അത്രയും മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 14 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം. പിഎസ്‌ജിക്കൊപ്പം ലീഗ് 1 കിരീടം നേടാനും മെസ്സിക്ക് സീസണിൽ കഴിഞ്ഞു.