ചാമ്പ്യൻസ് ലീഗിൽ മികച്ച ടീമുകൾ എപ്പോഴും വിജയിക്കില്ലെന്നു മെസി, കിരീടം നേടാനുള്ള സാധ്യതയെക്കുറിച്ച് താരം പറയുന്നു


ചാമ്പ്യൻസ് ലീഗിൽ മികച്ച ടീമുകൾ എല്ലായിപ്പോഴും വിജയിക്കണം എന്നില്ലെന്നും അതിനാൽ കിരീടം നേടുക ദുഷ്കരമാണെന്നും പിഎസ്ജി സൂപ്പർതാരം ലയണൽ മെസി. റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനു പിന്നാലെ പിഎസ്ജി മാഗസിൻ പുറത്തുവിട്ട അഭിമുഖത്തിലാണ് മെസി ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതകളെക്കുറിച്ചും അതിനു പിന്നിലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും വിശദീകരിച്ചത്.
"ചാമ്പ്യൻസ് ലീഗ് വിജയം നേടുക എളുപ്പമല്ല. കാരണം അത് ഏറ്റവും മികച്ച ടീമുകളെ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു മത്സരമാണ്. അവിടെ ചെറിയ കാര്യങ്ങൾ, ചെറിയ തെറ്റുകൾ പോലും നിങ്ങൾ പുറത്താകാൻ കാരണമാകും. പക്ഷെ ഞങ്ങൾക്ക് അതു നേടാൻ ശ്രമിക്കാനും വിജയം നേടാനും കഴിയുന്ന ഒരു ടീമുണ്ടെന്നു ഞാൻ കരുതുന്നു."
"ഞങ്ങൾക്കതു നേടാനുള്ള ആവേശമുണ്ട്, അവിടെയെത്താൻ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. പക്ഷെ പടിപടിയായാണ് അതിനു ചുവടുകൾ വെക്കേണ്ടത്. ഒരിക്കൽക്കൂടി പറയട്ടെ, ചാമ്പ്യൻസ് ലീഗ് വിജയം നേടുക എളുപ്പമല്ല. ഏറ്റവും മികച്ച ടീം അവിടെ എപ്പോഴും വിജയിക്കില്ല." മെസി പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കേണ്ടതിനെക്കുറിച്ചും മെസി അഭിപ്രായപ്പെട്ടു.
"മികച്ച ടീമുകൾ കളിക്കളത്തിൽ എല്ലാ മേഖലയിലും മികച്ചു നിൽക്കണം. പ്രതിരോധവും ആക്രമണവുമുൾപ്പെടെ എല്ലാ നിരയിലും. ഒരു ടീമെന്ന നിലയിൽ കളിക്കാനുള്ള കഴിവും ആശ്രയിച്ചിരിക്കും. മുൻനിരയിലുള്ളവർ ആക്രമണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും പിൻനിരയിൽ കളിക്കുന്നവർ പ്രതിരോധിക്കുകയും മാത്രം ചെയ്താൽ മതിയാവില്ല."
"പ്രതിരോധത്തിലും അതു പോലെ ആക്രമണത്തിലും കരുത്തരായ ഒത്തൊരുമയുള്ള ഒരു ടീമിനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. അതാണ് മത്സരിക്കാൻ കഴിയുന്ന ഒരു ടീമായി മാറാനുള്ള ബ്ലൂപ്രിന്റ്. ചാമ്പ്യൻസ് ലീഗും സാധ്യതയുള്ള മറ്റെല്ലാ ടൂർണമെന്റുകളും വിജയിക്കാൻ കഴിയുന്ന ഒരു ടീം." മെസി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.