Football in Malayalam

വ്യക്തിഗതനേട്ടങ്ങളെക്കാൾ മറ്റു പലതുമാണ് ലക്‌ഷ്യം, ഇക്വഡോറിനെതിരായ വിജയത്തിൽ പ്രതികരിച്ച് ലയണൽ മെസി

Sreejith N
Argentina v Ecuador: Quarterfinal - Copa America Brazil 2021
Argentina v Ecuador: Quarterfinal - Copa America Brazil 2021 / Pedro Vilela/Getty Images
facebooktwitterreddit

വ്യക്തിഗത നേട്ടങ്ങൾ പ്രധാന പരിഗണനയല്ലെന്നും അതിനു വേണ്ടിയല്ല കോപ്പ അമേരിക്ക ടൂർണമെന്റിനെത്തിയതെന്നും ലയണൽ മെസി. ഇക്വഡോറിനെതിരെ ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി അർജന്റീനയെ സെമി ഫൈനലിലേക്ക് നയിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസി. മത്സരത്തിലെ പ്രകടനത്തിൽ കളിയിലെ താരമായ മെസി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നും സ്വന്തമാക്കുന്ന നാലാമത്തെ മാൻ ഓഫ് ദി മാച്ച് നേട്ടമായിരുന്നു ഇന്നത്തേത്.

"വ്യക്തിഗത നേട്ടങ്ങൾ രണ്ടാമതാണെന്ന് ഞാനെല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട്, ഞങ്ങൾ മറ്റു ചിലതിനാണ് ഇവിടെയെത്തിയിരിക്കുന്നത്. ടീം നടത്തിയ മികച്ച പ്രകടനത്തെ ഞാൻ അഭിനന്ദിക്കുന്നു. വളരെക്കാലമായി ഞങ്ങൾ കുടുംബത്തിൽ നിന്നും അകലെയാണ്. ഒരു ലക്‌ഷ്യം മുന്നിലുള്ള ഞങ്ങൾ അതിനെക്കുറിച്ചാണു ചിന്തിക്കുന്നത്." മെസി പറഞ്ഞു.

എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയെങ്കിലും ഇക്വഡോറിനെതിരായ മത്സരം കടുപ്പമേറിയതായിരുന്നുവെന്നാണ് മെസിയുടെ അഭിപ്രായം. "ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്, എതിരാളി കടുപ്പമേറിയതായിരുന്നു എന്നും ഞങ്ങൾക്ക് അറിയാമായിരുന്നു. ഗോൾ നേടുന്നതു വരെ ടീം നല്ല രീതിയിൽ പൊരുതിയെങ്കിലും പിന്നീട് മത്സരം സങ്കീർണമായി. പ്രധാന കാര്യം ഞങ്ങൾ ഒരു ചുവടു കൂടി മുന്നോട്ടു വെച്ചുവെന്നതാണ്."

"ഞങ്ങൾ മികച്ച രീതിയിൽ കളിക്കാൻ ശ്രമിച്ചുവെങ്കിലും ചില സമയങ്ങളിൽ അതു സാധ്യമല്ലായിരുന്നു. മൈതാനം ഞങ്ങളെ സഹായിച്ചില്ല. വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് ഞങ്ങൾ കളിച്ചത്. ആദ്യ നാലു ടീമുകളിൽ ഒന്നാവുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യങ്ങളിലൊന്ന്. അടുത്ത മത്സരത്തിന് അധികം ദിവസങ്ങളില്ലാത്തതു കൊണ്ട് ഇപ്പോൾ വിശ്രമിക്കേണ്ട സമയമാണ്." മെസി പറഞ്ഞു.

ടൂർണമെന്റിലിതു വരെ അർജന്റീന പത്തു ഗോളുകൾ നേടിയപ്പോൾ നാല് ഗോളും നാല് അസിസ്റ്റുമായി അതിൽ എട്ടെണ്ണത്തിലും തന്റെ സാന്നിധ്യമറിയിക്കാൻ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. നായകൻ ഇതുപോലെ മുന്നിൽ നിന്നു നയിക്കുന്നതു തന്നെയാണ് അർജന്റീനയുടെ കിരീടപ്രതീക്ഷകളെയും ഉണർത്തുന്നത്.

facebooktwitterreddit